എക്വഡോറിൽ മണ്ണിടിച്ചിൽ; 24 പേർ മരിച്ചു, 12 പേരെ കാണാതായി
text_fieldsകീറ്റോ: എക്വഡോറിന്‍റെ തലസ്ഥാനമായ കീറ്റോയില്‍ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 24 പേർ മരിച്ചു. 12 പേരെ കാണാതായിട്ടുണ്ടെന്ന് മേയർ സാന്റിയാഗോ ഗ്വാർഡിറസ് പറഞ്ഞു. 48 പേർക്ക് പരിക്കേറ്റതായും ദുരന്ത നിവാരണ ഏജൻസി റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ ലാ ഗാസ്ക, ലാ കമ്യൂണ എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. കല്ലും മണ്ണും കലർന്ന വെള്ളം വാസപ്രദേശങ്ങളിലേക്ക് കുത്തിയൊലിക്കുകയായിരുന്നു. പ്രദേശത്തെ വീടുകൾ പൂര്‍ണമായി തകരുകയും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തെന്ന് അധികൃതർ അറിയിച്ചു. കെട്ടിടങ്ങൾ തകർന്നുവീണാണ് മരണവും പരിക്കുകളും സംഭവിച്ചിരിക്കുന്നത്. മരങ്ങളും വാഹനങ്ങളും ഇലക്ട്രിക് പോസ്റ്റുകളും ഒലിച്ചുപോയി.
പ്രദേശവാസികളുടെയും ദുരന്ത നിവാരണ ഏജൻസിയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വീടുകൾ നഷ്ടപ്പെട്ടവർക്ക് അഭയകേന്ദ്രം ഒരുക്കിയതായി മേയർ അറിയിച്ചു. ഭൂകമ്പത്തിന് സമാനമായിരുന്നു സ്ഥിതിയെന്നാണ് ദുരന്തബാധിതർ പറയുന്നത്.
തിങ്കളാഴ്ച രാത്രി തുടര്‍ച്ചയായി പെയ്‌ത കനത്ത മഴയില്‍ പ്രദേശത്തെ കുന്നുകൾ ദുര്‍ബലമാകുകയും മണ്ണും കല്ലും കുത്തിയൊലിക്കുകയുമായിരുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കീറ്റോയിൽ അതിശക്തമായ മഴയുണ്ടാകുന്നത്. ഒരു സ്ക്വയർ മീറ്ററിന് 75 ലിറ്റർ എന്ന കണക്കിലാണ് മഴപെയ്തതെന്നും അധികൃതർ വ്യക്തമാക്കി.
എക്വഡോറിലെ മറ്റ് പല പ്രദേശങ്ങളിലേക്ക് കൂടി മഴ വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. മണ്ണിടിച്ചിൽ തുടരാനുള്ള സാധ്യതകൾ കണക്കിലെടുത്ത് അധികൃതർ ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിൽ മുൻകരുതലുകളെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.