നേപ്പാളിലെ ദേശീയപാതയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും; രണ്ട് ബസുകൾ ഒലിച്ചുപോയി, 60ഓളം യാത്രക്കാരെ കാണാനില്ല, തിരച്ചിൽ തുടങ്ങി
text_fieldsകാഠ്മണ്ഡു: സെൻട്രൽ നേപ്പാൾ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും രണ്ട് ടൂറിസ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് ത്രിശൂലി നദിയിൽ പതിച്ച ബസുകൾ ഒഴുകി പോയെന്നാണ് പ്രാഥമിക വിവരം. രണ്ട് ബസുകളിലായി ഡ്രൈവർമാരടക്കം 65 യാത്രക്കാർ ഉണ്ടായിരുന്നു. കാണാതായ യാത്രക്കാരിൽ ഇന്ത്യക്കാരും ഉൾപ്പെടും.
വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ മദാൻ-അശ്രിത് ദേശീയപാതയിലാണ് അപകടമുണ്ടായത്. ചിത്വാൻ ജില്ലയിലെ നാരായൺഘട്ട്-മഗ്ലിങ് റോഡിനോട് ചേർന്നുള്ള സിമാൽതൽ പ്രദേശത്താണ് സംഭവം. അപകടത്തിൽപ്പെട്ട ബസിൽ നിന്ന് മൂന്ന് യാത്രക്കാർ ചാടി രക്ഷപ്പെട്ടു. നേപ്പാൾ പൊലീസിന്‍റെ നേതൃത്വത്തിൽ ത്രിശൂലി നദിയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന എയ്ഞ്ചൽ ബസും കാഠ്മണ്ഡുവിൽ നിന്ന് റൗത്തഹട്ടിലെ ഗൗറിലേക്ക് വരികയായിരുന്ന ഗണപതി ഡീലക്സ് ബസുമാണ് അപകടത്തിൽപ്പെട്ടത്. എയ്ഞ്ചൽ ബസിൽ 24 യാത്രക്കാരും ഗണപതി ഡീലക്സ് ബസിൽ 41 യാത്രക്കാരും ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തിൽപ്പെട്ട ഗണപതി ബസിലെ മൂന്നു യാത്രക്കാരാണ് ചാടി രക്ഷപ്പെട്ടത്.
അപകട വിവരം പുറത്തുവന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെന്നും കനത്ത മഴ തടസം സൃഷ്ടിച്ചെന്നും ചിത്വാൻ ചീഫ് ഡിസ്ട്രിക് ഓഫീസർ ഇന്ദ്രദേവ് യാദവ് അറിയിച്ചു.
ബസ് അപകടത്തിൽ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽപ്പെട്ട ബസ് യാത്രക്കാർക്കായി തിരച്ചിൽ ഊർജിതമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് കാഠ്മണ്ഡു-ചിത്വാനിലെ ഭരത്പൂരിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.