ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ വസതിക്ക് പ്രക്ഷോഭകർ തീയിട്ടു; പ്രസിഡന്‍റ് രാജ്യം വിട്ടതായി അഭ്യൂഹം
text_fieldsകൊളംബോ: രാജിവെച്ച ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ വസതിക്ക് പ്രക്ഷോഭകർ തീയിട്ടു. പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വാഹനങ്ങൾ നശിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നേരത്തെ, പ്രസിഡന്‍റ് ഗോടബയ രജപക്സെയുടെ രാജിയാവശ്യപ്പെട്ട് ഔദ്യോഗിക വസതിയിൽ അതിക്രമിച്ച് കടന്ന പ്രതിഷേധക്കാർ വൻ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു.
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചിരുന്നു. സർക്കാറിന്റെ പിന്തുടർച്ചയും ജനങ്ങളുടെ സുരക്ഷയും മുൻനിർത്തി പാർട്ടി നേതാക്കളുടെ നിർദേശം താൻ അംഗീകരിക്കുകയാണെന്ന് രാജി പ്രഖ്യാപനത്തിന് പിന്നാലെ റെനിൽ വിക്രമസിംഗെ പറഞ്ഞത്. എല്ലാ കക്ഷികളേയും ഉൾക്കൊള്ളുന്ന സർക്കാർ രൂപീകരിക്കുന്നതിനായി താൻ പ്രധാനമന്ത്രിപദം രാജിവെക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി വിളിച്ചുചേർത്ത പാർട്ടി നേതാക്കളുടെ അടിയന്തര യോഗത്തിൽ പ്രസിഡന്റ് ഗോടബയ രാജപക്സ ഉടനടി രാജിവെക്കണമെന്ന് ആവശ്യമുയർന്നിരുന്നു. പ്രസിഡന്റ് രാജിസന്നദ്ധത അറിയിച്ചതായും റിപ്പോർട്ടുകളുണ്ടുണ്ടായിരുന്നു. എന്നാൽ, ഇതിന് പിന്നാലെ നാടകീയമായി പ്രധാനമന്ത്രി രാജിവെക്കുകയായിരുന്നു. പ്രസിഡന്‍റ് രാജ്യംവിട്ടതായി അഭ്യൂഹമുണ്ട്. പ്രസിഡന്‍റ് സൈനിക കപ്പലില്‍ കടലില്‍ കഴിയുകയാണെന്നും ഉടന്‍ രാജിവച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം സർക്കാറിനെതിരെ ശക്തമായ പ്രക്ഷോഭമാണ് ഇന്ന് ലങ്കയിൽ അരങ്ങേറിയത്. പ്രസിഡന്റിന്റെ ഓഫീസിന്റെയും വസതിയുടെയും നിയന്ത്രണം പ്രതിഷേധക്കാർ കൈയടക്കി. കലാപത്തിൽ 40 പ്രതിഷേധക്കാർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. ഒരു സംഘം സൈനികരും പ്രസിഡന്റിനെതിരായ പ്രതിഷേധത്തിൽ പങ്കുചേർന്നു. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ച് പ്രതിഷേധം നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രോഷാകുലരായ പ്രതിഷേധക്കാർ സമാഗി ജന ബലവേഗയ(എസ്.ജെ.ബി) എം.പി രജിത സെനരത്നെയെ ആക്രമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.