ഐ.എം.എഫുമായി ചർച്ച നടത്തി ശ്രീലങ്കൻ പ്രധാനമന്ത്രി
text_fieldsകൊളംബോ: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ട് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) മേധാവി ക്രിസ്റ്റലീന ജോർജിയേവയുമായി ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ കൂടിക്കാഴ്ച നടത്തി. ഉദ്യോഗസ്ഥതല കരാറിന് അന്തിമരൂപം നൽകാൻ കഴിയുന്നത്ര വേഗത്തിൽ ഐ.എം.എഫ് സംഘത്തെ അയക്കണമെന്ന് വിക്രമസിംഗെ ആവശ്യപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാരിന് 600 കോടി യു.എസ് ഡോളറിന്റെ (46000 കോടി ഇന്ത്യൻ രൂപ) വായ്പയാണ് ഐ.എം.എഫ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അടുത്ത ആറ് മാസത്തേക്ക് രാജ്യത്തിന് മുന്നോട്ട് പോകാൻ തുക സഹായകമാകും. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അതിജീവിക്കാൻ അന്താരാഷ്ട്ര നാണയ നിധിയുമായി എപ്രിൽ 18നാണ് ശ്രീലങ്ക ചർച്ചകളാരംഭിച്ചത്. സംഘടനയിൽ നിന്നും വായ്പ ലഭിക്കാൻ രാജ്യങ്ങൾ ചില നിബന്ധനകൾ അംഗീകരിക്കേണ്ടതുണ്ട്. അത്തരത്തിലൊന്നായ വിദേശവായ്പകൾ പുന:സംഘടിപ്പിക്കുകയെന്ന ആവശ്യത്തിൽ ശ്രീലങ്ക നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ശ്രീലങ്കയുടെ മൊത്തം വിദേശ കടം 5100 കോടി ഡോളറാണ്. വിദേശവായ്പ തിരിച്ചടവ് ഏപ്രിൽ 12 മുതൽ ശ്രീലങ്ക നിർത്തിയിരിക്കുകയാണ്. 2026ഓടെ കുടിശ്ശികയുള്ള ഏകദേശം 2500 കോടി യു.എസ് ഡോളറിൽ ഈ വർഷത്തേക്കുള്ള ഏകദേശം 700 കോടി യു.എസ് ഡോളറിന്റെ വിദേശ കടം തിരിച്ചടവ് താൽക്കാലികമായി നിർത്തിവെക്കുന്നതായി ഏപ്രിലിലാണ് പ്രഖ്യാപിച്ചത്. ഐ.എം.എഫ് കൈമാറുന്ന തുകയിൽ 500 കോടി ഡോളർ വായ്പാ തിരിച്ചടവിനും 100 കോടി ഡോളർ കരുതൽ ശേഖരത്തിലേക്കുമായി മാറ്റുമെന്ന് കഴിഞ്ഞയാഴ്ച വിക്രമസിംഗെ പറഞ്ഞിരുന്നു. അടുത്ത ആറ് മാസത്തേക്ക് ജനങ്ങളുടെ ദൈനംദിന ജീവിതം തടസ്സപ്പെടാതിരിക്കാൻ ശ്രീലങ്കയ്ക്ക് 500 കോടി ഡോളർ വേണ്ടിവരുമെന്ന് ചൊവ്വാഴ്ച പാർലമെന്റിനെ അഭിസംബോധന ചെയ്ത് വിക്രമസിംഗെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.