ലാവോസിൽ പിടിച്ചെടുത്തത് 36.5 ദശലക്ഷം മെത്ത് ഗുളികകൾ; മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന
text_fieldsതെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ലാവോസിൽ വീണ്ടും ഭീമൻ ലഹരിവേട്ട. മാരക ലഹരി മരുന്നായ മെത്താംഫെറ്റാമൈനാണ് ലാവോസ് പൊലീസ് പിടിച്ചെടുത്തത്. ബൊക്കിയോയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ നിന്ന് 36.5 ദശലക്ഷം മെത്ത് ഗുളികകൾ പിടിച്ചെടുത്തു. രാജ്യത്തെ രണ്ടാമത്തെ വലിയ ലഹരി വേട്ടയാണിത്. കഴിഞ്ഞ ഒക്ടോബറിൽ ഇതേ മേഖലയിൽ വെച്ച് 55.6 ദശലക്ഷം മെത്ത് ഗുളികകൾ പിടികൂടിയിയിരുന്നു.
ലഹരി വേട്ട നടന്ന മെകോങ് നദി മേഖലയിൽ നിലവിൽ മയക്കുമരുന്ന് ഉത്പാദനത്തിന്റെയും കടത്തിന്റെയും വലിയൊരു കുതിച്ചുചാട്ടം അനുഭവപ്പെടുന്നതായി യു.എൻ ഡ്രഗ്‌സ് ആൻഡ് ക്രൈം ഓഫീസ് പ്രാദേശിക പ്രതിനിധി ജെറമി ഡഗ്ലസ് പറഞ്ഞു. സംഘടിത കുറ്റകൃത്യങ്ങളുടെ കളിസ്ഥലമായി മെകോങ് മേഖല മാറിയിരിക്കുകയാണെന്നും അതിന് വേണ്ട എല്ലാ ഘടകങ്ങളും അവിടെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹുആയ് സായ് ജില്ലയിൽ വെച്ച് സംഭവത്തിൽ ഉൾപ്പെട്ട നാലുപേരെ അറസ്റ്റ് ചെയ്തതായി ലാവോസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അവരിൽ നിന്ന് 590 കിലോയോളം ഐസ് എന്നറിയപ്പെടുന്ന ക്രിസ്റ്റൽ മെത്തും കുറച്ച് ഹെറോയിനും ഒപ്പം ഒരു പിസ്റ്റളും പിടിച്ചെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
മ്യാൻമർ, തായ്‌ലന്റ് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശമായ ബൊക്കിയോ, ഗോൾഡൻ ട്രയാംഗിൾ എന്നാണ് അറിയപ്പെടുന്നത്. നിരോധിത മയക്കുമരുന്നുകളുടെ നിർമ്മാണത്തിന് കുപ്രസിദ്ധമാണിവിടം. ഹെറോയിനും അത് നിർമിക്കാൻ ഉപയോഗിക്കുന്ന കറുപ്പും അടുത്ത വർഷങ്ങളിലായി ചേർന്ന മെത്താംഫെറ്റാമൈനും മേഖലയിൽ സജീവമാണ്. കൂടുതലും മ്യാൻമറിലാണ് ഇവ ഉത്പാദിപ്പിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.