ഉയിഗൂർ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് കൂടുതൽ തടങ്കൽ പാളയങ്ങളുമായി ചൈന; റിപ്പോർട്ട് പുറത്ത്
text_fieldsബീജിങ്: ഉയിഗൂർ ന്യൂനപക്ഷ വിഭാഗത്തെ ലക്ഷ്യമിട്ട് തടങ്കൽ പാളയങ്ങളുടെ ശൃഖംല തന്നെ ചൈനീസ് ഭരണകൂടം തയാറാക്കുന്നതായി റിപ്പോർട്ട്. ആസ്ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. സിൻജിയാൻ പ്രവിശ്യയിൽ മാത്രം സമാനരീതിയുള്ള 380 കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. നിലവിലെ സംവിധാനങ്ങളെക്കാൾ 40 ശതമാനം വർധനവാണിതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഉപഗ്രഹ ചിത്രങ്ങൾ, ദൃക്സാക്ഷികളുടെ അഭിമുഖം, മാധ്യമ വാർത്തകൾ, ഔദ്യോഗിക രേഖകൾ എന്നിവ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ നൂറിലധികം തടങ്കൽപാളയങ്ങൾ കണ്ടെത്തിയിരുന്നു. 2019 ജൂലൈക്കും 2020 ജൂലൈക്കും ഇടയിൽ 60 തടങ്കൽപാളയങ്ങളാണ് നിർമിച്ചത്. 14 എണ്ണം നിലവിൽ നിർമാണത്തിലാണ്.
ഇതിൽ പകുതിയിലധികം കേന്ദ്രങ്ങളിൽ ജയിലുകളിലെ പോലെ സമയക്രമം നിശ്ചയിച്ച് വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളതെന്ന് റിപ്പോർട്ട് തയാറാക്കിയ നഥാൻ റുസർ പറയുന്നു.
അതേസമയം, സിൻജിയാൻ പ്രവിശ്യയിലെ ദാരിദ്ര്യവും പ്രാദേശിക തീവ്രവാദവും കൈകാര്യം ചെയ്യുക ലക്ഷ്യമിട്ടുള്ള നടപടിയാണെന്നാണ് ചൈന വിശദീകരിക്കുന്നത്. എന്നാൽ, ഒരു ദശലക്ഷം ജനങ്ങളെ തടവിലിടാനുള്ള നീക്കമാണ് നടക്കുന്നതെന്ന് വലതുപക്ഷ വിഭാഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ന്യൂനപക്ഷ വിഭാഗമായ ഉയിഗൂർ മുസ് ലിംകളെ ഹാൻ എന്നറിയപ്പെടുന്ന ഭൂരിപക്ഷ വംശീയതയിലേക്ക് ചേർക്കാനാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കുന്നത്. ഇതിനോട് വിമുഖത കാട്ടിയ ഉയിഗൂരുകളെ രണ്ട് പതിറ്റാണ്ടായി ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് ചൈനീസ് ഭരണകൂടം നേരിടുന്നത്. കൂടാതെ, മതപരമായ ചടങ്ങുകൾ അനുഷ്ഠിക്കുന്നതിൽ നിന്ന് മുസ് ലിംകളെ സർക്കാർ വിലക്കിയിട്ടുണ്ട്. 2015ൽ സിൻജിയാങ് പ്രദേശത്ത് നിലവിൽ വന്ന ഭീകരവാദ വിരുദ്ധ നിയമവും 2017ലെ തീവ്രവാദ നിയന്ത്രണ നിയമവും ഉയിഗൂറുകളുടെ ജീവിതം കൂടുതൽ നരക തുല്യമാക്കിയിട്ടുണ്ട്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.