ഇന്ത്യയിൽ നിന്നുള്ള അവസാന മാധ്യമപ്രവർത്തകനോടും രാജ്യം വിടണമെന്ന് ചൈന; കാരണം ഇതാണ്
text_fieldsചൈന: ഇന്ത്യയിൽ നിന്നുള്ള അവസാന മാധ്യമപ്രവർത്തകനോടും രാജ്യം വിടാൻ നിർദ്ദേശം നൽകി ചൈന. രാജ്യത്ത് അവശേഷിക്കുന്ന മാധ്യമപ്രവർത്തകർ ഈ മാസം തന്നെ തിരികെ പോകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ത്യയിലെ ചൈനീസ് മാധ്യമപ്രവർത്തകരോട് വിവേചനം കാണിച്ചുവെന്നും മോശമായി പെരുമാറിയെന്നും ആരോപിച്ചാണ് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇന്ത്യയിലെ നാല് മാധ്യമ പ്രവര്‍ത്തകരാണ് ഈ വര്‍ഷം ആദ്യം ചൈനയിൽ ജോലി ചെയ്തിരുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് ലേഖകന്‍ അടുത്തിടെ ചൈന വിട്ടിരുന്നു. ദി ഹിന്ദുവിന്റെ ഒന്നും പ്രസാര്‍ ഭാരതിയുടെ രണ്ടും ലേഖകര്‍ക്ക് ഏപ്രിലില്‍ ചൈന വിസ പുതുക്കി നല്‍കിയില്ല. ഇതിന് പിന്നാലെയാണ് പി.ടി.ഐയുടെ റിപ്പോർട്ടർക്കും രാജ്യം വിടാൻ നിർദ്ദേശം ലഭിച്ചത്. ഈ മാസം തന്നെ രാജ്യം വിടാനാണ് നിർദ്ദേശം. ഇതോടെ ചൈനയിലെ ഇന്ത്യൻ മാധ്യമസാന്നിധ്യം അവസാനിക്കുകയാണ്.
പിടിഐ റിപ്പോർട്ടർ പോകുന്നതോടെ, ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയുള്ള ചൈനയിൽ ഇന്ത്യയുടെ മാധ്യമ സാന്നിധ്യം പൂർണമായും ഇല്ലാതാകും. ഏഷ്യയിലെ സാമ്പത്തിക ശക്തികളായ ചൈനയും ഇന്ത്യയും തമ്മിലുള്ള അസ്വസ്ഥത വർധിപ്പിക്കുന്നതാണു നടപടിയെന്നാണു വിലയിരുത്തൽ. അമേരിക്കൻ മാധ്യമപ്രവർത്തകർക്കും ചൈനയിൽ വിലക്കുണ്ട്. 2020 ല്‍ രണ്ട് ഓസ്‌ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകരെയും ചൈന പുറത്താക്കിയിരുന്നു. നേരത്തേ, സിൻഹുവ ന്യൂസ് ഏജൻസി, ചൈന സെൻട്രൽ ടെലിവിഷൻ എന്നിവയിലെ രണ്ടു ജേണലിസ്റ്റുകളുടെ വീസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യ തള്ളിയിരുന്നു.
ചൈനയുടെ ആരോപണം
ചൈനയുടെ റിപ്പോർട്ടർമാരോട് ഇന്ത്യ അന്യായമായി പെരുമാറിയതായി ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ ആരോപിക്കുന്നു. ‘അടുത്തിടെയായി ഇന്ത്യയിലെ ചൈനീസ് മാധ്യമപ്രവർത്തകർക്ക് അന്യായവും വിവേചനപരവുമായ നടപടിക്രമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്’-വാങ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. 2020 മുതൽ ചൈനീസ് പത്രപ്രവർത്തകരുടെ വിസയ്ക്ക് ഇന്ത്യ അംഗീകാരം നൽകിയിട്ടില്ലെന്നും ഇത് ഇന്ത്യയിലെ ചൈനീസ് മാധ്യമപ്രവർത്തകരുടെ സാന്നിധ്യം 14ൽ നിന്ന് ഒന്നായി കുറച്ചതായും വാങ് പറയുന്നു.
ഇന്ത്യയുടെ വിശദീകരണം
ചൈനീസ് മാധ്യമപ്രവർത്തകർക്ക് ഇന്ത്യയിൽ "അന്യായമായ" പെരുമാറ്റം ലഭിക്കുന്നുവെന്ന ചൈനയുടെ പരാതികളോട് പ്രതികരിച്ച വിദേശകാര്യ മന്ത്രാലയം, ചൈനീസ് റിപ്പോർട്ടർമാർ രാജ്യത്ത് ഒരു ബുദ്ധിമുട്ടും കൂടാതെ പ്രവർത്തിച്ചിരുന്നുവെന്നും പറയുന്നു. എന്നാൽ ചൈനയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കാര്യം അങ്ങനെയായിരുന്നു. കഴിഞ്ഞ മാസം ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗം സന്ദർശിക്കുന്ന ചൈനീസ് റിപ്പോർട്ടർമാരുടെ താൽക്കാലിക വിസയ്ക്ക് ഇന്ത്യ അനുമതി നൽകിയിരുന്നു. എല്ലാ വിദേശ മാധ്യമപ്രവർത്തകരെയും രാജ്യത്ത് പ്രവർത്തിക്കാൻ ഇന്ത്യ അനുവദിച്ചിട്ടുണ്ടെന്നും ചൈന ഇന്ത്യൻ മാധ്യമപ്രവർത്തകരെയും അവിടെ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.