ഗസ്സയിലെ ഹമാസിന്‍റെ അവസാന പൊളിറ്റ്ബ്യൂറോ അംഗത്തെയും വധിച്ചെന്ന് ഇസ്രായേൽ
text_fieldsഗസ്സ സിറ്റി / തെൽ അവീവ്: വെള്ളിയാഴ്ച തെക്കൻ ഗസ്സയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് ഇസ്സുദ്ദീൻ കസബ് കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യവും സുരക്ഷാ ഏജൻസിയായ ഷിൻ ബെത്തും അറിയിച്ചു. ഹമാസും ഗസ്സയിലെ മറ്റ് സംഘടനകളും തമ്മിലെ ഏകോപനത്തിന്‍റെ ഉത്തരവാദിത്തം ഇസ്സുദ്ദീനായിരുന്നെന്നും ഗസ്സയിലെ ഹമാസിന്‍റെ പൊളിറ്റ്ബ്യൂറോയിലെ അവസാന അംഗങ്ങളിൽ ഒരാളാണ് ഇസ്സുദ്ദീനെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു.
ആക്രമണത്തിൽ ഇസ്സുദ്ദീന്‍റെ അസിസ്റ്റന്‍റ് ഐമാൻ അയേഷും കൊല്ലപ്പെട്ടിട്ടുണ്ട്. ഖാൻ യൂനിസ് മേഖലയിൽ നടത്തിയ ആക്രമണത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവിട്ടു.
അതേസമയം, 12 ദിവസത്തെ വെടിനിർത്തലിനുള്ള ഈജിപ്ഷ്യൻ നിർദേശം ഹമാസ് നിരസിച്ചുവെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും, ഹമാസ് ഔദ്യോഗിക പ്രതികരണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മൊസാദ് മേധാവി ഡേവിഡ് ബാർണിയ പറഞ്ഞു. ബന്ദികളുടെ കുടുംബങ്ങളുമായി വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് മൊസാദ് മേധാവിയുടെ പ്രതികരണം.
ഇസ്രായേൽ നഗരങ്ങളിലേക്ക് ഹിസ്ബുല്ല റോക്കറ്റാക്രണം
മധ്യ ഇസ്രായേലിലെ ഹഷറോൺ, ടിര നഗരങ്ങളിലേക്ക് ഹിസ്ബുല്ല റോക്കറ്റാക്രണം. രണ്ട് ആക്രമണങ്ങളിലായി 30 പേർക്ക് പരിക്കേറ്റു. ഇതിനുപിന്നാലെ, തെക്കൻ ലെബനനിൽ നിന്ന് വടക്കൻ ഇസ്രായേലിലെ ഗലീലി ഭാഗത്തേക്കും റോക്കറ്റാക്രണമുണ്ടായി.
ഇതിനിടെ, തെക്കൻ ലെബനാനിൽനിന്നുള്ള വിമാനം ഇസ്രായേലിന്‍റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് നിരവധി പ്രദേശങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.