ജി20 സംയുക്ത പ്രസ്താവനയെ പുകഴ്ത്തി റഷ്യ; ഉച്ചകോടി വിജയമെന്ന് വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്
text_fieldsയുക്രെയ്ൻ അധിനിവേശവുമായി ബന്ധപ്പെട്ട് ജി20 രാജ്യങ്ങൾ നടത്തിയ സംയുക്ത പ്രസ്താവനയെ പുകഴ്ത്തി റഷ്യ. യുക്രെയ്ൻ അധിനിവേശത്തിൽ റഷ്യയെ പരാമർശിക്കുകയോ പേരെടുത്ത് പരാമർശിക്കുകയോ ചെയ്യാതെയായിരുന്നു സംയുക്ത പ്രസ്താവന. ഇത് നയതന്ത്ര വിജയമെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് വിശേഷിപ്പിച്ചത്.
'ജി20 ഉച്ചകോടിയെ യുക്രെയ്ൻവത്കരിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ അജണ്ടയെ പ്രതിരോധിക്കാൻ നമുക്ക് സാധിച്ചിരിക്കുന്നു. വിഷയത്തിൽ ഏകീകൃത നിലപാടിൽ ഉറച്ചുനിന്നതിന് 'ഗ്ലോബൽ സൗത്തി'ലെ രാജ്യങ്ങളെ പ്രകീർത്തിക്കുന്നുവെന്നും ലാവ്റോവ് പറഞ്ഞു.
അതേസമയം, സംയുക്ത പ്രസ്താവനയെ വിമർശിച്ച് യുക്രെയ്ൻ രംഗത്തെത്തി. യുക്രെയ്ൻ വിഷയത്തിൽ ജി20ക്ക് അഭിമാനിക്കാൻ ഒന്നുമില്ലെന്ന് യുക്രെയ്ൻ വിദേശകാര്യ വക്താവ് പറഞ്ഞു. യുക്രെയ്നെ കൂടി ഉച്ചകോടിയിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നുവെങ്കിൽ മറ്റ് രാജ്യങ്ങൾക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമായിരുന്നുവെന്നും വിദേശകാര്യമന്ത്രാലയം വക്താവ് ഒലേഗ് നികോലേൻകോ പറഞ്ഞു. റഷ്യയുടെ പേര് കൂട്ടിച്ചേർത്തുകൊണ്ടുള്ള പ്രസ്താവനയും അദ്ദേഹം പങ്കുവെച്ചു.
യുക്രെയ്നിൽ യു.എൻ ചാർട്ടർ പ്രകാരം സമാധാനം പുനഃസ്ഥാപിക്കണമെന്നും ഇതിനായുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുമെന്നും വ്യക്തമാക്കുന്ന 37 പേജ് പ്രസ്താവനയാണ് ജി20 രാജ്യങ്ങൾ സംയുക്തമായി നടത്തിയത്. ഇന്ത്യ മുൻകൈയെടുത്താണ് പ്രസ്താവനക്ക് അന്തിമരൂപം നൽകിയത്.
ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ല. ഒരു രാജ്യത്തിന്റെ പരമാധികാരത്തിലേക്കും കടന്നുകയറ്റം പാടില്ല. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാകില്ല. ഭക്ഷ്യ-ഊർജ സുരക്ഷയെ ബാധിക്കുമെന്നതിനാൽ സൈനികനീക്കം പാടില്ല. കോവിഡിനുശേഷമുള്ള മനുഷ്യദുരിതം കൂട്ടാൻ യുക്രെയ്ൻ അധിനിവേശം ഇടയാക്കിയെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു. ‘‘യുക്രെയ്നിൽ സമഗ്രവും നീതിയുക്തവും സുസ്ഥിരവുമായ സമാധാനത്തെ പിന്തുണക്കുന്ന പ്രസക്തവും ക്രിയാത്മകവുമായ എല്ലാ നിർദേശങ്ങളെയും സ്വാഗതം ചെയ്യുന്നു. ആണവായുധങ്ങളുടെ ഉപയോഗമോ ഭീഷണിയോ അസ്വീകാര്യമാണ്. രാജ്യങ്ങളുടെ പരമാധികാരവും സമാധാനവും സ്ഥിരതയും സംരക്ഷിക്കുന്ന അന്താരാഷ്ട്ര നിയമതത്ത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ ആഹ്വാനം ചെയ്യുന്നു.
യുക്രെയ്ൻ വിഷയത്തിൽ എല്ലാ രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയുടെ ഉദ്ദേശ്യങ്ങൾക്കും തത്ത്വങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കണമെന്ന് അടിവരയിടുന്നു’’ - പ്രമേയം വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.