പൗരാവകാശങ്ങൾ ഹനിക്കുന്ന നിയമ നിർമാണം ഭരണഘടന വിരുദ്ധം –പാക് സുപ്രീംകോടതി
text_fieldsഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടി പി.ടി.ഐയെ ദുർബലപ്പെടുത്താൻ നീക്കം നടത്തുന്ന പാകിസ്താൻ സർക്കാറിന് കനത്ത തിരിച്ചടി നൽകി സുപ്രീംകോടതി വിധി. പൗരന്മാർക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾക്കെതിരെ സർക്കാറിന് നിയമമുണ്ടാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ആദായ നികുതി ചട്ടങ്ങളിലെ സെക്ഷൻ 65ബിയിൽ ഭേദഗതി വരുത്തിയതിനെതിരായ ഹരജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് സയ്യിദ് മൻസൂർ അലി ഷായുടെ നിരീക്ഷണം. ജനങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്ന നിയമമുണ്ടാക്കുന്നത് ഭരണഘടന വിരുദ്ധമാണ്. ഭരണഘടനയുടെ എട്ടാം വകുപ്പ് വരാനിരിക്കുന്ന നിയമങ്ങൾക്കും മുൻകാല നിയമങ്ങൾക്കും ഒരുപോലെ ബാധകമാണെന്നും ജസ്റ്റിസ് ഷാ പറഞ്ഞു.
സ്വതന്ത്ര അംഗങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നത് തടയുന്ന നിയമങ്ങളിൽ പാർലമെൻറ് വരുത്തിയ മാറ്റം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാൻ സ്പീക്കർ അയാസ് സാദിഖ് തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ച് ദിവസങ്ങൾക്കുശേഷമാണ് കോടതി വിധി. പാർലമെൻറിലെ സംവരണ സീറ്റുകൾക്ക് പി.ടി.ഐക്ക് അർഹതയുണ്ടെന്ന് അംഗീകരിച്ച സുപ്രീംകോടതിയുടെ ജൂലൈ 12ലെ വിധി നടപ്പാക്കുന്നത് തടയാൻ നിയമനിർമാണത്തിന് ശ്രമിക്കുന്ന സർക്കാറിന് ഈ വിധി തിരിച്ചടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.