വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കാമെന്ന് ബോറിസ് ജോണ്‍സണ്‍; ബ്രിട്ടനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കും
text_fieldsലണ്ടന്‍: കോവിഡ് നിയന്ത്രണങ്ങള്‍ ജൂലൈ 19 മുതല്‍ ലഘൂകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ന് നടത്തും. വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കാമെന്നാണ് ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് ജനങ്ങളോട് ആഹ്വാനം ചെയ്യുന്നത്.
ജൂണ്‍ 21ന് എല്ലാ മേഖലയിലേയും നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചതായിരുന്നു. എന്നാല്‍, അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ തീരുമാനം മാറ്റി. ബ്രിട്ടനില്‍ ഇപ്പോള്‍ പ്രധാനമായും റിപ്പോര്‍ട്ട് ചെയ്യുന്നത് ഡെല്‍റ്റ വകഭേദമാണ്.
യൂറോപ്പില്‍ റഷ്യക്ക് പിന്നാലെ ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത് ബ്രിട്ടനിലാണ്. 1.28 ലക്ഷത്തിലേറെ പേരാണ് മരിച്ചത്. മൂന്നുവട്ടമാണ് ബ്രിട്ടനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവന്നത്.
ചില നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിയാവും ഇളവുകള്‍ പ്രഖ്യാപിക്കുക. നൈറ്റ് ക്ലബുകള്‍, വലിയ ആള്‍ക്കൂട്ടമുണ്ടാകുന്ന ചടങ്ങുകള്‍ എന്നിവക്ക് നിരോധനം തുടരും.
ഇളവുകള്‍ അനുവദിക്കുമ്പോള്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായാണ് കാണുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പറയുന്നു. എന്നാല്‍, ആശുപത്രിവാസവും മരണവും വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. വാക്‌സിനേഷനാണ് ഇതിന് കാരണം.
കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ആദ്യമായി തുടങ്ങിയ രാജ്യങ്ങളിലൊന്നാണ് ബ്രിട്ടന്‍. ഡിസംബറില്‍ ബ്രിട്ടനില്‍ വാക്‌സിനേഷന്‍ ആരംഭിച്ചിരുന്നു. മുതിര്‍ന്നവരില്‍ 64 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായാണ് കണക്കുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.