ലെതർ ജാക്കറ്റ്, സൺഗ്ലാസ്...മിസൈൽ പരീക്ഷണത്തിന് കിം ജോങ് ഉന്നിന്റെ സിനിമ സ്റ്റൈൽ എൻട്രി
text_fieldsപ്യോങ്യാങ്: ലെതർ ജാക്കറ്റ്, സൺഗ്ലാസ്, ഭീമൻ മിസൈൽ...ഹോളിവുഡ് ആക്ഷൻ ചിത്രത്തെ കുറിച്ചാണ് പറഞ്ഞ് വരുന്നതെന്ന് കരുതിയോ. ഉത്തര കൊറിയൻ ദേശീയ മാധ്യമം പുറത്തുവിട്ട പുതിയ വിഡിയോയിലെ രംഗങ്ങളെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. വിഡിയോയിൽ മേൽപറഞ്ഞ വിശേഷണങ്ങളോടെ പ്രത്യക്ഷപ്പെടുന്നത് മറ്റാരുമല്ല, ഉത്തര കൊറിയൻ ഭരണാധികാരി സാക്ഷാൽ കിം ജോങ് ഉൻ ആണ്.
ഉത്തരകൊറിയയുടെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തെ കുറിച്ചുള്ളതായിരുന്നു പുതിയ വിഡിയോ. സൈനിക മേധാവികൾക്കൊപ്പം സിനിമ സ്റ്റൈലിൽ ക്യാമറക്ക് മുന്നിലെത്തിയ കിം, ഹ്വാങ്സോങ്-17 മിസൈൽ പരീക്ഷണത്തിന് തിരികൊളുത്തി. 2017ന് ശേഷം ഉത്തരകൊറിയ നടത്തിയ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണമായിരുന്നു ഇത്.
പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയിൽ സൈനിക ജനറൽമാർക്കൊപ്പം ലെതർജാക്കറ്റും സൺഗ്ലാസുമണിഞ്ഞ് നടന്നുവരുന്ന കിമ്മിനെയാണ് ആദ്യം കാണുക. വാച്ചിൽ സമയം നോക്കി സൺഗ്ലാസ് ഊരി കിം മിസൈൽ സ്ഥാനത്തേക്ക് കൊണ്ടുവരാൻ അനുമതി നൽകി. പിന്നാലെ കൗണ്ട്ഡൗണിന് ശേഷം പട്ടാളക്കാർ 'ഫയർ' എന്ന് അലറി ബട്ടണിൽ അമർത്തിയതോടെ മിസൈൽ ഉയർന്ന് പൊങ്ങുന്നതും കാണാം.
സൈനിക ശേഷിയിൽ വർധിച്ചുവരുന്ന ഉത്തര കൊറിയയുടെ ആത്മവിശ്വാസം കാണിക്കുന്നതാണ് വീഡിയോയെന്ന് സെജോങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സെന്റർ ഫോർ നോർത്ത് കൊറിയ സ്റ്റഡീസിലെ ചിയോങ് സിയോങ് ചാങ് പറഞ്ഞു.
കിമ്മിന്റെ പിതാവും മുൻഗാമിയുമായ കിം ജോങ് ഇലും കടുത്ത സിനിമ ആരാധകനായിരുന്നു. ഉത്തര കൊറിയൻ സിനിമ രംഗത്തിന്റെ വളർച്ചക്കായി 1978-ൽ ദക്ഷിണ കൊറിയൻ ചലച്ചിത്ര സംവിധായകനെയും നടിയെയും തട്ടിക്കൊണ്ടുവരാൻ ഉത്തരവിട്ട ചരിത്രവും കിം ജോങ് ഇലിനുണ്ട്.
എന്നാൽ ഉത്തര കൊറിയയുടെ ഏറ്റവും പുതിയ പ്രചാരണ വീഡിയോ ക്വന്റിൻ ടരന്റിനോയുടെ ക്രൈം സിനിമയായ 'റിസർവോയർ ഡോഗ്‌സ്', ദക്ഷിണകൊറിയൻ ഗാങ്സ്റ്റർ സിനിമയായ 'ന്യൂ വേൾഡ്' എന്നിവയെ ഓർമിപ്പിക്കുന്നതായി കൊറിയ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് ആർട്‌സിലെ ഫിലിം സ്റ്റഡീസ് പ്രൊഫസർ കിം സോ യങ് പറഞ്ഞു.
വെള്ളിയാഴ്ചത്തെ സർക്കാർ ഔദ്യോഗിക വിഡിയോയിൽ വിദേശ സ്വാധീനം വ്യക്തമാണെങ്കിലും വിദേശ ഉള്ളടക്കം രഹസ്യമായി കൈവശം വെക്കുന്നവരെയും മറ്റും കിം ഭരണകൂടം ശിക്ഷിക്കുന്നുണ്ട്. വിദേശ സിനിമകളോ വസ്ത്രങ്ങളോ ഉപയോഗിച്ച് പിടിക്കപ്പെടുന്നവരെ ശിക്ഷിക്കുന്ന പുതിയ നിയമം ഉത്തര കൊറിയ കഴിഞ്ഞ വർഷം കൊണ്ടുവന്നിരുന്നു. വിദേശ സ്വാധീനം ഇല്ലാതാക്കാനാണ് ഈ നിയമമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.