ലബനാനിലും ‘ഗസ്സ മോഡൽ പച്ചക്കള്ളം’: ഹിസ്ബുല്ല കാഷ് ബങ്കറെന്ന് ആരോപിച്ച് ആശുപത്രി തകർക്കാൻ ഇസ്രായേൽ; നുണ പൊളിച്ച് ആശുപത്രി അധികൃതർ
text_fieldsബൈറൂത്ത്: ഹമാസ് ബന്ധമുണ്ടെന്നും ആയുധശേഖരമുണ്ടെന്നുമുള്ള പച്ചക്കള്ളം ആരോപിച്ച് ഗസ്സയിലെ ആശുപത്രികളെല്ലാം ഒന്നിനുപിറകെ ഒന്നായി തകർത്ത ഇസ്രായേൽ, ലബനാനിലും അതേ നീക്കവുമായി രംഗത്ത്. ലബനാനിലെ പ്രമുഖ ആശുപത്രിയായ ബൈറൂത്തിലെ തെക്കൻ പ്രാന്തപ്രദേശത്തുള്ള സാഹിൽ ഹോസ്പിറ്റലിന് നേരെയാണ് ഇസ്രായേലിന്റെ നുണപ്രചാരണം. ആശുപത്രിയുടെ അടിയിൽ ഹിസ്ബുല്ലയുടെ ‘കാഷ് ബങ്കർ’ ഉണ്ടെന്ന് ആരോപിച്ച ഇസ്രായേൽ, ആശുപത്രി ഉടൻ തകർക്കാൻ പോവുകയാണെന്നും രോഗികളും ജീവനക്കാരും ഒഴിഞ്ഞുപോകണമെന്നും അന്ത്യശാസനം നൽകി.
എന്നാൽ, ഇസ്രായേൽ സൈന്യത്തിന്റെ ആരോപണം പച്ച നുണയാണെന്നും ആർക്കുവേണമെങ്കിലും ആശുപത്രിയിൽ എവിടെ കയറിയും യഥേഷ്ടം പരിശോധിച്ച് ഇക്കാര്യം ബോധ്യപ്പെടാമെന്നും ആശുപത്രി അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് സ്വകാര്യ ആശുപത്രിയാണ്. ഞങ്ങൾ ആളുകളെ സഹായിക്കുന്ന സ്ഥാപനമാണ്, ആർക്കും പരിശോധിച്ച് ബോധ്യപ്പെടാം’ - ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. വാലിദ് അലമേ ബി.ബി.സിയോട് പറഞ്ഞു.
ഇന്നലെ രാത്രിയാണ് ആശുപത്രി ഒഴിയാൻ ഇസ്രായേൽ അധിനിവേശ സേന (ഐ.ഡി.എഫ്) അന്ത്യശാസനം നൽകിയത്. ഒരുമാസമായി തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റവരടക്കം നിരവധി പേർ ഇവിടെ ചികിത്സയിൽ കഴിയുന്നുണ്ട്. ആശുപത്രിക്കടിയിലുള്ള ബങ്കറിൽ ഹിസ്ബുല്ലയുടെ കോടിക്കണക്കിന് ഡോളറും ക്വിന്റൽ കണക്കിന് സ്വർണവും ഒളിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ഐ.ഡി.എഫ് ആരോപിച്ചത്. എന്നാൽ, ഇത് അടിസ്ഥാനരഹിതമായ വ്യാജ ആരോപണമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇക്കാര്യം തെളിയിക്കാൻ തങ്ങളുടെ വാതിലുകൾ മാധ്യമപ്രവർത്തകർക്ക് മുന്നിൽ മലർക്കെ തുറന്നിട്ടിരിക്കുകയാണെന്നും എവിടെയും കയറി ആർക്കും പരിശോധിക്കാമെന്നും ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി.
ഇതേതുടർന്ന് ബി.ബി.സി അടക്കം നിരവധി മാധ്യമങ്ങൾ ആശുപത്രിയുടെ മുക്കും മൂലയും പരിശോധിച്ച് വിഡിയോയിൽ പകർത്തി ദൃശ്യങ്ങൾ പുറത്തുവിട്ടു. ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളിലെയും ഏത് ആശുപത്രിയിലും കാണപ്പെടുന്ന സാധാരണ കാര്യങ്ങൾ മാത്രമാണ് സാഹിൽ ആശുപത്രിയിൽ താൻ കണ്ടെത്തിയതെന്ന് യുദ്ധകാര്യ മാധ്യമപ്രവർത്തകനായ സ്റ്റീവ് സ്വീനി ട്വീറ്റ് ചെയ്തു. ആശുപത്രിയുടെ ബേസ്‌മെൻറ് ഉൾപ്പെടെ എല്ലാ മേഖലയിലും തനിക്ക് അനിയന്ത്രിതമായ പ്രവേശനം ഉണ്ടായിരുന്നുവെന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി. ആശുപത്രിയുടെ അകം പരിശോധിക്കുന്ന ദൃശ്യങ്ങളും സ്റ്റീവ് പുറത്തുവിട്ടു.
കോടിക്കണക്കിന് ഡോളറും സ്വർണവും ആശുപത്രിക്കടിയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ ആരോപിച്ചതിന് പിനനാലെയാണ് അദ്ദേഹം ആശുപത്രിയിൽ എത്തിയത്. ആക്രമണത്തെ ന്യായീകരിക്കാൻ ആശുപത്രിയെ ഹിസ്ബുല്ലയുമായി ബന്ധിപ്പിച്ച് പുകമറ സൃഷ്ടിക്കുകയാണെന്ന് സ്റ്റീവ് ചൂണ്ടിക്കാട്ടി. ഗസ്സയിലെ ആതുരാലയ സംവിധാനങ്ങൾ തകർക്കാൻ പ്രയോഗിച്ച അതേ തന്ത്രമാണ് ഇസ്രായേൽ ലബനാനിലും പയറ്റുന്നതെന്ന് ആശുപത്രി ഡയറക്ടർ അഭിപ്രായപ്പെട്ടു. ഏത് നിമിഷവും ഇസ്രായേൽ ഡ്രോണുകൾ ആശുപത്രി ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ തങ്ങൾ അവിടെനിന്നും പുറത്തുകടന്നതായി സ്റ്റീവ് വ്യക്തമാക്കി.
ഇസ്രായേലി ആക്രമണത്തിൽ 150 ഓളം ആരോഗ്യ പ്രവർത്തകർ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് അന്താരാഷ്ട്ര സമൂഹം മൗനം വെടിയണമെന്ന് ലബനാൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാത്രി റഫീക് ഹരീരി ആശുപത്രിക്ക് സമീപം ഇസ്രായേൽ ബോംബാക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടിരുന്നു. ജിനായിൽ രണ്ട് കുടുംബത്തിലെ 14 പേരെയാണ് ഇസ്രായേൽ കൂട്ടക്കൊലചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.