ലബനാൻ വെടിനിർത്തൽ കരാർ ദിവസങ്ങൾക്കകം –ഇസ്രായേൽ
text_fieldsജറൂസലം: ലബനാനിലെ ആക്രമണം അവസാനിപ്പിക്കാൻ ഹിസ്ബുല്ലയുമായുള്ള വെടിനിർത്തൽ കരാർ ദിവസങ്ങൾക്കുള്ളിൽ യാഥാർഥ്യമാകുമെന്ന് ഇസ്രായേൽ. ചില കാര്യങ്ങളിൽകൂടി അന്തിമ തീരുമാനമെടുക്കാനുണ്ടെന്നും യു.എസിലെ ഇസ്രായേൽ നയതന്ത്ര പ്രതിനിധി മൈക്കൽ ഹെർസോഗ് പറഞ്ഞു. വെടിനിർത്തൽ കരാറിൽ ഒപ്പിടാൻ സർക്കാറിന്റെ അനുമതി വേണം. എങ്കിലും കരാറിന്റെ അടുത്തെത്തിയതായും ഇസ്രായേൽ സൈനിക റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
കരാർ ലംഘിച്ച് ഹിസ്ബുല്ല ആക്രമിച്ചാൽ ലബനാനിൽ പ്രവേശിക്കാനുള്ള അവകാശം വേണമെന്ന ഇസ്രായേൽ ആവശ്യത്തിലാണ് ഇനി തീരുമാനമെടുക്കാനുള്ളതെന്നാണ് സൂചന. ഈ ആവശ്യം ലബനാൻ അംഗീകരിക്കുമോയെന്ന കാര്യം അവ്യക്തമാണ്. തെക്കൻ ലബനാനിൽനിന്ന് ഇസ്രായേൽ സേനയും ഹിസ്ബുല്ലയും പിന്മാറണമെന്നാണ് വെടിനിർത്തൽ കരാറിലെ പ്രധാന ഉടമ്പടി. 2006ലെ യുദ്ധം അവസാനിപ്പിച്ച് യു.എൻ തയാറാക്കിയ പ്രമേയം ഹിസ്ബുല്ല പാലിച്ചില്ലെന്നാണ് ഇസ്രായേൽ ആരോപണം.
അതേസമയം, ഈ പ്രമേയം ഇസ്രായേലും ലംഘിച്ചിട്ടുണ്ടെന്ന് ലബനാൻ ചൂണ്ടിക്കാട്ടുന്നു. യു.എസ് പ്രതിനിധി അമോസ് ഹോച്സ്റ്റീൻ ലബനാൻ പ്രതിനിധി നബീഹ് ബെറിയുമായും ഇസ്രായേൽ പ്രതിനിധികളുമായും കഴിഞ്ഞയാഴ്ച നടത്തിയ ചർച്ചകളെ തുടർന്നാണ് വെടിനിർത്തൽ കരാറിന് വീണ്ടും ജീവൻവെച്ചത്. യു.എസ് നിർദേശിച്ച കരാർ അംഗീകരിച്ചില്ലെങ്കിൽ മധ്യസ്ഥത ശ്രമങ്ങളിൽനിന്ന് പിന്മാറുമെന്ന് ഹോച്സ്റ്റീൻ ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകളുണ്ട്. ഗസ്സയിൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ലബനാനിൽ ഏറ്റുമുട്ടൽ തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.