ജോസഫ് ഔൻ ലബനാന്റെ പുതിയ പ്രസിഡന്റ്; വിരാമമിട്ടത് രണ്ട് വർഷത്തെ അനിശ്ചിതാവസ്ഥക്ക്
text_fieldsബൈറൂത്: രണ്ട് വർഷത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥക്ക് വിരാമമിട്ട് ജോസഫ് ഔൻ ലബനാന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച ലബനാൻ പാർലമെന്റിൽ നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ 128 അംഗങ്ങളിൽ 99 പേരുടെ പിന്തുണയോടെയാണ് സായുധ സേന മേധാവിയായ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
ആദ്യഘട്ട വോട്ടെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെയാണ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയത്. മുൻ പ്രസിഡന്റ് മൈക്കൽ ഔനിന്റെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള പാർലമെന്റിന്റെ പതിമൂന്നാമത്തെ ശ്രമമായിരുന്നു ഈ സമ്മേളനം. യു.എസിനും സൗദി അറേബ്യക്കും താൽപര്യമുള്ള സ്ഥാനാർഥിയായതിനാൽ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത് യുദ്ധത്തിൽ തകർന്ന ലബനാന്റെ പുനർനിർമാണത്തിന് ഗുണംചെയ്യുമെന്നാണ് സൂചന.
2022 ഒക്ടോബറിലാണ് മൈക്കൽ ഔനിന്റെ കാലാവധി പൂർത്തിയായത്. സിറിയൻ മുൻ പ്രസിഡന്റ് ബശ്ശാറുൽ അസദുമായി ബന്ധമുള്ള വടക്കൻ ലബനാനിലെ ക്രിസ്ത്യൻ പാർട്ടിയുടെ നേതാവായ സുലൈമാൻ ഫ്രാൻഗിയെയാണ് ഹിസ്ബുല്ല പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചിരുന്നത്. എന്നാൽ, മത്സരത്തിനില്ലെന്ന് ബുധനാഴ്ച പ്രഖ്യാപിച്ച സുലൈമാൻ, ജോസഫ് ഔനിനെ പിന്തുണക്കുകയായിരുന്നു. 14 മാസം നീണ്ടുനിന്ന ഏറ്റുമുട്ടലുകൾ അവസാനിപ്പിച്ച് ഇസ്രായേലുമായി വെടിനിർത്തൽ കരാറിലെത്തിയതിന് ആഴ്ചകൾക്കു ശേഷമാണ് ലബനാനിൽ വോട്ടെടുപ്പ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.