ലബനാനിൽ കുരുതി തുടർന്ന് ഇസ്രായേൽ, തിരിച്ചടിച്ച് ഹിസ്ബുല്ല; യുദ്ധഭീതിയിൽ കൂട്ടപ്പലായനം
text_fieldsബൈറൂത്: ലബനാനിൽ രണ്ടു ദിവസമായി ഇസ്രായേൽ തുടരുന്ന കനത്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 558 ആയി. ഇവരിൽ 50 പേർ കുട്ടികളാണെന്ന് ലബനാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. 1835 പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ ബൈറൂത്തിലും ചൊവ്വാഴ്ച ഇസ്രായേൽ ബോംബുകൾ വർഷിച്ചു. തിങ്കളാഴ്ച തുടങ്ങിയ ആക്രമണം കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചതോടെ യുദ്ധഭീതിയിൽ തെക്കൻ ലബനാനിൽനിന്ന് ആയിരങ്ങൾ പലായനം ചെയ്തു. ബൈറൂത്തിലെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആറു നിലയുള്ള താമസസമുച്ചയത്തിന്റെ മൂന്നുനില തകർന്നു. ഇസ്രായേലും ഹമാസും ആക്രമണം തുടരുന്നതോടെ മേഖലയിൽ യുദ്ധം വ്യാപിക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
അതേസമയം, ഇസ്രായേലിലേക്ക് ഹിസ്ബുല്ല മിസൈൽ ആക്രമണം നടത്തി. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയും ഇസ്രായേലിലെ സ്ഫോടക നിർമാണശാലയിൽ ഉൾപ്പെടെ എട്ടുകേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ലബനാനിൽ നിന്ന് 55 റോക്കറ്റ് ആക്രമണങ്ങളുണ്ടായെന്നും നിരവധി കെട്ടിടങ്ങൾ ഉൾപ്പെടെ തകർന്നെന്നും ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.
തെക്കൻ ലബനാനിൽനിന്ന് കാറുകളിൽ സാധനങ്ങൾ കുത്തിനിറച്ച് കുടുംബാംഗങ്ങളോടൊപ്പം ജനം പലായനം തുടങ്ങിയതോടെ തലസ്ഥാനമായ ബൈറൂത്തിലെ റോഡുകളിൽ ഗതാഗതം സ്തംഭിച്ചു. ഒഴിഞ്ഞുപോകുന്ന കുടുംബങ്ങൾ ബൈറൂത്തിലെ സ്കൂളുകളിലും തീര നഗരമായ സിദോണിലുമാണ് അഭയം തേടുന്നത്. ഹോട്ടലുകളും അഭയകേന്ദ്രങ്ങളും പെട്ടെന്ന് നിറഞ്ഞതോടെ, പല കുടുംബങ്ങളും കാറുകളിലും പാർക്കുകളിലും ബീച്ചുകളിലുമാണ് രാത്രി കഴിച്ചുകൂട്ടിയത്.
അയൽരാജ്യമായ സിറിയയിലേക്കും പലരും രക്ഷപ്പെടുന്നതിനാൽ അതിർത്തിയിലെ റോഡുകളിലും ഗതാഗതം നിലച്ചു. അതിനിടെ, സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടു. 1990ൽ ആഭ്യന്തര സംഘർഷം അവസാനിച്ച ശേഷം തിങ്കളാഴ്ചയാണ് ലബനാനിൽ ഒറ്റ ദിവസം ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്. ഇരുരാജ്യങ്ങളുടെയും അതിർത്തികളിലെ സ്കൂളുകൾ അടച്ചിരിക്കുകയാണ്. അതിർത്തിയിലെ സ്കൂളുകൾ ചിലർ അഭയകേന്ദ്രങ്ങളാക്കിയിട്ടുണ്ട്.
ഹിസ്ബുല്ലയുടെ അക്രമണം ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു. ഗസ്സയിലെ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇസ്രായേൽ കടന്നുകയറ്റം പ്രതിരോധിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് ഹിസ്ബുല്ല വ്യക്തമാക്കി.
പേജർ, വാക്കി ടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെയാണ് ലബനാനിൽ ഇസ്രായേൽ ആക്രമണം തുടങ്ങിയത്. ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് അക്രമമെന്ന് ഇസ്രായേൽ ആവർത്തിക്കുന്നുണ്ടെങ്കിലും കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ്. തിങ്കളാഴ്ച പുലർച്ച തുടങ്ങിയ ആക്രമണത്തിൽ ഹിസ്ബുല്ല കേന്ദ്രങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ പ്രദേശവാസികൾക്ക് ഇസ്രായേൽ ഫോൺ സന്ദേശം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.