ലിബിയ പ്രളയം: മരണം 20,000 കവിഞ്ഞേക്കും
text_fieldsട്രിപളി: ലിബിയയിൽ മെഡിറ്ററേനിയൻ പട്ടണമായ ഡെർണയിലെ മഹാപ്രളയത്തിൽ മരിച്ചവരുടെ സംഖ്യ കുത്തനെ ഉയരുന്നു. 6,000ത്തിലേറെ പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സംഖ്യ 20,000 വരെ എത്തുമെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. 7,100 ലേറെ പേർക്ക് പരിക്കേറ്റു. ആയിരങ്ങളെ കാണാതായി.
കെട്ടിടങ്ങൾ തകർന്നും റോഡുകൾ ഉപയോഗശൂന്യമായും കിടക്കുന്ന നഗരത്തിൽ രക്ഷാപ്രവർത്തനം അതിദുഷ്‍കരമായി തുടരുകയാണ്. ഡാനിയൽ ചുഴലിക്കാറ്റും പേമാരിയും ലിബിയൻ തീരംതൊട്ട ഞായറാഴ്ച രാത്രിയാണ് ഡെർണ നഗരത്തിനു പുറത്തെ രണ്ട് ഡാമുകൾ ഒന്നിച്ച് തകർന്നത്. നഗരമധ്യത്തിലൂടെ ഒഴുകുന്ന വാദി ഡെർണ പുഴ കവിഞ്ഞ് ഇരച്ചെത്തിയ ജലം ആയിരങ്ങൾക്ക് മരണമൊരുക്കി.
മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ഏറ്റവുമധികം ദുരിതമുണ്ടായ ഡെർനയിൽ മാത്രം ഇതുവരെ 5,300 മൃതദേഹങ്ങൾ കണ്ടെത്തിയതായും മരണം ഇരട്ടിയാകുമെന്നാണ് കരുതുന്നതെന്നും ലിബിയയുടെ കിഴക്കൻ ഭരണകൂടം അറിയിച്ചു. ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവർ കുടിവെള്ളമോ വൈദ്യുതിയോ പെട്രോളോ ഇല്ലാതെ നരകിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
ഖത്തർ, ഈജിപ്ത്, തുർക്കിയ, ഇറാൻ, ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളും യൂറോപ്യൻ യൂനിയനും ലിബിയക്ക് സഹായവുമായി എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.