വെളിച്ചമില്ല, കിടക്കയില്ല, ആവശ്യത്തിന് അനസ്തേഷ്യയില്ല; മാതാപിതാക്കളുടെ തുണയില്ലാതെ കുഞ്ഞുങ്ങൾ ഐ.സി.യുവിൽ -ദുരിതം പേറി ഗസ്സ ആശുപത്രികൾ
text_fieldsഗസ്സസിറ്റി: ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം കടുപ്പിച്ചതോടെ, മാരകമായി പരിക്കേറ്റവരുടെ ജീവൻ പോലും രക്ഷിക്കാത്ത അവസ്ഥയാണ്. തറയിലായാലും, ഇടനാഴികളായാലും എവിടെയാണോ സൗകര്യമുള്ളത് അവിടെ വെച്ചെല്ലാം രോഗികളെ പരിചരിക്കുകയാണ് ഡോക്ടർമാർ. രണ്ടുപേർ മാത്രം വേണ്ട മുറികളിൽ 10 ലേറെ രോഗികളെ കിടത്തുകയാണിപ്പോൾ. വസ്ത്രങ്ങളും ബാൻഡേജുകളും വിനാഗിരിയും ആൻറ്സെപ്റ്റിക്കും തുന്നാലുള്ള സൂചിയും നൂലുമടക്കമുള്ള സർജിക്കൽ ഉപകരണങ്ങൾ ഡോക്ടർമാർ തന്നെ കൊണ്ടുവരികയാണ്. ഇതെല്ലാം ആശുപത്രികളിൽ ഇല്ലാതായിക്കഴിഞ്ഞു.
കടുത്ത ഇസ്രായേൽ ഉപരോധത്തിൽ ഗസ്സമുനമ്പിലെ ആശുപത്രികളെല്ലാം വെള്ളവും വെളിച്ചവുമില്ലാതെ തകർന്നിരിക്കുകയാണ്. ആവശ്യത്തിന് ഭക്ഷണം പോലും ഇവിടെ കഴിയുന്നവർക്ക് ലഭിക്കുന്നില്ല. കുടിക്കാൻ പോലും വെള്ളമില്ല. ജനറേറ്ററുകളിലെ ഇന്ധനം തീർന്നുതുടങ്ങി.
ഹമാസിന്റെ മിന്നലാക്രമണത്തിന് പിന്നാലെ ഒക്ടോബർ ഏഴുമുതലാണ് ഇസ്രായേൽ ഗസ്സയിൽ വ്യോമാക്രമണം കടുപ്പിച്ചത്. ആക്രമണങ്ങളിൽ കൂടുതലും ജീവഹാനി സംഭവിച്ചത് സാധാരണ ജനങ്ങൾക്കാണ്. ഗസ്സയുടെ സമീപപ്രദേശങ്ങളും ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ തകർന്നടിഞ്ഞു. അഞ്ചു ആശുപത്രികൾ അടച്ചുപൂട്ടേണ്ടി വന്നു. ആയിരങ്ങൾ മരണത്തിന് കീഴടങ്ങി. ഗുരുതര പരിക്കേറ്റവർ മുറിവുമായി ലഭ്യമായ ആരോഗ്യസംവിധാനങ്ങളിൽ കഴിയുന്നു.
''വലിയ ശസ്ത്രക്രിയകളടക്കം വേണ്ടിവരുന്ന കേസുകളുണ്ട്. എന്നാൽ സർജിക്കൽ ഉപകരണങ്ങളടക്കം ആശുപത്രികളില്ല.''ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ചൂണ്ടിക്കാട്ടുന്നു.
ഈയവസ്ഥയിലും നൂറുകണക്കിനാളുകളാണ് ചികിത്സയിലുള്ളത്. പതിനായിരത്തോളം ഫലസ്തീനികൾ ആശുപത്രികളിൽ അഭയം തേടിയിരിക്കുകയാണ്. ഭക്ഷണവും വെള്ളവും മരുന്നും അടക്കമുള്ള സാധനങ്ങളുമായി ഏതാണ്ട് 20 ട്രക്കുകൾ റഫ അതിർത്തി കടന്ന് എത്തിയിരുന്നു. എന്നാൽ ഇത് ആവശ്യത്തിന് പോലും തികയില്ലെന്ന് സന്നദ്ധ പ്രവർത്തകരും ഡോക്ടർമാരും ചൂണ്ടിക്കാട്ടി. വല്ലാത്ത ദുരന്തമാണ് അനുഭവിക്കുന്നത്. സഹായം എത്തിയില്ലെങ്കിൽ ഗസ്സ വലിയൊരു മാനുഷിക ദുരന്തത്തിന്റെ കേന്ദ്രമാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. ആന്റിബയോട്ടിക്കുകൾ തീർന്നുകഴിഞ്ഞതിനാൽ കടുത്ത ബാക്ടീരിയൽ അണുബാധ മൂലം കഷ്ടപ്പെടുന്നവർക്ക് പോലും മരുന്ന് നൽകാനാവുന്നില്ല. തങ്ങളാൽ കഴിയുന്ന എല്ലാം ചെയ്യുന്നുണ്ടെന്നും എന്നാൽ സഹായം ലഭിക്കാതെ ആളുകൾ മരിച്ചുപോകുന്ന സ്ഥിതിയാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. വെളിച്ചമില്ലാത്തതിനാൽ ഡോക്ടർമാരും നഴ്സുമാരും മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണ് ശസ്ത്രക്രിയയകൾ നടത്തുന്നത്. കിടക്കയില്ലാത്തതിനാൽ രോഗികളെ പൊട്ടിപ്പൊളിച്ച തറയിലാണ് കിടത്തിയിരിക്കുന്നത്. പല ആശുപത്രികളും നിറഞ്ഞുകവിഞ്ഞു.
700 രോഗികളെ മാത്രം ചികിത്സിക്കാൻ ശേഷിയുള്ള ശിഫ ആശുപത്രിയിൽ 5000 ത്തോളം പേരാണ് ഇപ്പോഴുള്ളതെന്ന് ഡയറക്ടർ ജനറൽ മുഹമ്മദ് അബു സെമിയ പറയുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ നീണ്ട നിരയാണ് കാണുന്നത്. ഇസ്രായേലിന്റെ നരനായാട്ടിൽ അവരുടെ പ്രിയപ്പെട്ട മാതാപിതാക്കൾ അടക്കമുള്ള കുടുംബാംഗങ്ങൾ മരണപ്പെട്ടതിനാൽ ഇന്റൻസീവ് കെയർ യൂനിറ്റുകളിൽ കുഞ്ഞുങ്ങൾ തനിച്ചാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.