ലോസ് ആഞ്ജലസിനെ വിറപ്പിച്ച് വൻ കാട്ടുതീ; 30,000ത്തോളം പേരെ ഒഴിപ്പിച്ചു, നിരവധി വീടുകളും കെട്ടിടങ്ങളും വാഹനങ്ങളും കത്തിനശിച്ചു -വിഡിയോ
text_fieldsലോസ് ആഞ്ജലസ്: യു.എസിലെ ആഞ്ജലസ് പസഫിക് പാലിസേഡ്സ് വൻ കാട്ടുതീ. നിരവധി വീടുകളും കെട്ടിടങ്ങളും വാഹനങ്ങളും ഉൾപ്പെടെ 2,921 ഏക്കർ പ്രദേശം കത്തിനശിച്ചു. 10,000ത്തിലേറെ വീടുകളിൽനിന്നായി 30,000ത്തോളം പേരെ ഒഴിപ്പിച്ചിരുന്നു.
ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10.30 ഓടെയാണ് കാട്ടുതീയുണ്ടായത്. പടിഞ്ഞാറൻ ലോസ് ആഞ്ജലസിലെ പസഫിക് പാലിസേഡ്സ് മേഖലയിൽ 10 ഏക്കർ വനത്തിന് പിടിച്ച തീ മണിക്കൂറുകൾക്കുള്ളിൽ 3000 ഏക്കറിലേക്ക് പടരുകയുമായിരുന്നു. നിരവധി വീടുകളും കെട്ടിടങ്ങളും കാട്ടുതീയിൽ കത്തിനശിച്ചു. 10 കിലോമീറ്റർ അകലെയുള്ള വെനിസ് ബീച്ചിലും കാട്ടുതീയുടെ പുക പടർന്നു.
കാലിഫോർണിയയിൽ ഗവർണർ ഗവിൻ ന്യുസോം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 1400 ലേറെ അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങളെ അധികമായി ഉടൻ വിന്യസിക്കുമെന്നും ന്യുസോം എക്സിൽ വ്യക്തമാക്കി.
കാറുകൾ അടക്കം സ്വന്തം വാഹനങ്ങൾ ഉപേക്ഷിച്ച് പ്രദേശവാസികൾ ഓടിരക്ഷപ്പെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കാട്ടുതീ മാലിന്യം പതിച്ച് പല റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. ആളുകളെ ഒഴിപ്പിക്കുന്നതിനായി പസഫിക് തീരദേശ ഹൈവേയടക്കം അടച്ചു. കാട്ടുതീ പടർന്നതിനെ തുടർന്ന് മക്കളെയും വളർത്തുമൃഗങ്ങളെയുമെടുത്ത് നിലവിളിച്ച് പലരും ഓടിരക്ഷപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.
വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ് അതിവേഗത്തിൽ കാട്ടുതീ പടരാൻ ഇടയാക്കിയതെന്ന് കാലിഫോർണിയയിലെ വന സംരക്ഷണ, അഗ്നിശമന വകുപ്പ് അറിയിച്ചു. പസഫിക് സമുദ്രത്തിന് തൊട്ടടുത്തുള്ള തെക്കൻ കാലിഫോർണിയയിലെ സാന്താ മോണിക്ക പർവതനിരകളിലെ സമ്പന്ന വീടുകളാണ് കാട്ടുതീയിൽ നശിച്ചത്. വനിത അഗ്നിശമന സേനാംഗത്തിന്റെ തലക്കും മറ്റു ചിലരുടെ മുഖത്തും കൈകളിലും പരിക്കേറ്റതായി പ്രദേശിക ടെലിവിഷൻ ചാനൽ കെ.ടി.എൽ.എ റിപ്പോർട്ട് ചെയ്തു. മണിക്കൂറിൽ 160 കിലോ മീറ്റർ ദൂരത്തിൽ വീശിയടിക്കുന്ന കാറ്റ് വരുംദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ ഉദ്യോഗസ്ഥർ നൽകുന്ന മുന്നറിയിപ്പ്. ദുരന്തസാധ്യത മുന്നിൽ കണ്ട് അഞ്ചു ലക്ഷത്തോളം വീടുകളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.