യൂറോപ്യൻ യൂനിയൻ പ്രവേശനം; ചർച്ച തുടങ്ങി മാസിഡോണിയയും അൽബേനിയയും
text_fieldsബ്രസൽസ്: യൂറോപ്യൻ യൂനിയൻ പ്രവേശനവുമായി ബന്ധപ്പെട്ട് അൽബേനിയയും നോർത്ത് മാസിഡോണിയയും ചർച്ചകൾ ആരംഭിച്ചു. അൽബേനിയയുടെയും നോർത്ത് മാസിഡോണിയയുടെയും അംഗത്വം സംബന്ധിച്ച് തീരുമാനമെടുക്കാൻ വിപുലമായ ചർച്ചക്കുതന്നെയാണ് യൂറോപ്യൻ യൂനിയൻ ചൊവ്വാഴ്ച തുടക്കമിട്ടത്. 27 അംഗരാജ്യങ്ങളുള്ള യൂറോപ്യൻ യൂനിയന്റെ വിപുലീകരണവുമായി ബന്ധപ്പെട്ട് ഏറെ നാളുകളായി ചർച്ചകൾ സജീവമാണ്.
19 വർഷം മുമ്പുതന്നെ യൂനിയനിൽ അംഗങ്ങളാവാൻ സാധ്യത കൽപിച്ചിരുന്ന രാജ്യങ്ങളായിരുന്നു മാസിഡോണിയയും അൽബേനിയയും. അന്ന് ചർച്ചകൾ എങ്ങുമെത്തിയില്ലെങ്കിലും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര ശൃംഖലയുടെ ഭാഗമാകാനുള്ള തങ്ങളുടെ ആഗ്രഹത്തിൽ രണ്ടു രാജ്യങ്ങളും ഉറച്ചുനിൽക്കുകയായിരുന്നു.
''ഇന്ന് അൽബേനിയയും നോർത്ത് മാസിഡോണിയയും യൂറോപ്യൻ യൂനിയനുമായി പ്രവേശന ചർച്ചകൾ ആരംഭിക്കുകയാണ്. ഈ ചരിത്ര നിമിഷം നിങ്ങളുടെ വിജയമാണ്. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം'' അൽബേനിയൻ പ്രധാനമന്ത്രി എഡി രാമ, നോർത്ത് മാസിഡോണിയൻ പ്രധാനമന്ത്രി ഡിമിതർ കോവസെവ്സ്കി എന്നിവരോടായി യൂറോപ്യൻ യൂനിയൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു.
യൂറോപ്യൻ യൂനിയന്റെ ചട്ടക്കൂടുകൾക്കും നിയമങ്ങൾക്കുമകത്ത് എങ്ങനെ ഈ രണ്ട് രാജ്യങ്ങളെയും ഉൾപ്പെടുത്തണം എന്നതിനെ സംബന്ധിച്ച ഔദ്യോഗിക ചർച്ചകളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. പടിഞ്ഞാറൻ ബാൽക്കൻ രാജ്യങ്ങൾ ഇത്രയും കാലം കാത്തിരുന്നിട്ടും അംഗത്വം നൽകാതിരിക്കുമ്പോൾ യുക്രെയ്ന് യൂനിയൻ അംഗത്വം വാഗ്ദാനം ചെയ്തതു സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് യൂറോപ്യൻ യൂനിയന്റെ ഈ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.