ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തിൽനിന്ന് ആയുധങ്ങളും കമ്പ്യൂട്ടറുകളും കാണാതായി; നഷ്ടപ്പെട്ടവയിൽ മെഷീൻ ഗണ്ണും തോക്കുകളും
text_fieldsലണ്ടൻ: കഴിഞ്ഞ രണ്ട് വർഷമായി ബ്രിട്ടീഷ് പ്രതിരോധ വകുപ്പിൽ നിന്ന് നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ വസ്തുക്കളിൽ പിസ്റ്റളും റൈഫിളും ഒന്നാം ലോകമഹായുദ്ധ കാലത്തെ മെഷീൻ ഗണ്ണുമടക്കമുള്ള ആയുധങ്ങൾ. ലിബറൽ ഡെമോക്രാറ്റുകൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം 700ലധികം ഫോണുകൾ, ലാപ്‌ടോപ്പുകൾ, കമ്പ്യൂട്ടറുകൾ, യു.എസ്ബി സ്റ്റിക്കുകൾ എന്നിവയും ഈ കാലയളവിൽ കാണാതായി.
മുൻ കൺസർവേറ്റീവ് സർക്കാറിന്റെ കീഴിൽ 2023ൽ പ്രതിരോധ മന്ത്രാലയത്തിന്റെ സൂക്ഷിപ്പിൽനിന്ന് നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ തോക്കുകളുടെ എണ്ണം ലിബറൽ ഡെമോക്രാറ്റുകളുടെ രേഖാമൂലമുള്ള പാർലമെന്ററി ചോദ്യത്തിന് മറുപടിയായാണ് വെളിപ്പെടുത്തിയത്.
രണ്ടാം ലോകമഹായുദ്ധത്തിൽ നിർജീവമാക്കിയ ലുഗർ പിസ്റ്റളും സ്റ്റെൻ സബ്മെഷീൻ ഗണ്ണും 2023 ജൂണിൽ നഷ്ടപ്പെട്ടു. 2023 ജൂലൈയിൽ ഒരു SA80 റൈഫിളും നഷ്ടപ്പെട്ടു. തൊട്ടടുത്ത മാസം ഒന്നാം ലോകമഹായുദ്ധത്തിലുപയോഗിച്ചതും നിർജീവമാക്കിയതുമായ ജർമൻ മെഷീൻ ഗൺ നഷ്ടമായെങ്കിലും പിന്നീട് കണ്ടെത്തി. 2023 ഡിസംബറിൽ ഒരു ഗ്ലോക്ക് 19 പിസ്റ്റൾ മോഷ്ടിക്കപ്പെട്ടു. 2024ൽ നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ തോക്കുകളുടെ കണക്കുകൾ ലഭ്യമല്ല.
ഡിപ്പാർട്ട്‌മെന്റിൽ നിന്ന് കാണാതായ ഫോണുകളുടെ എണ്ണം 2023ൽ 101 ആയിരുന്നത് 2024ൽ 159 ആയി. യു.എസ്ബി സ്റ്റിക്കുകൾ 2023ൽ 20 ഉം 2024ൽ 125 ഉം എണ്ണം മോഷണം പോയി. നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ലാപ്‌ടോപ്പുകളുടെ എണ്ണം 2023ൽ 176 ഉം 2024ൽ 138മാണ്. കഴിഞ്ഞ വർഷം മാത്രം 25 ഓളം കമ്പ്യൂട്ടറുകൾ കാണാതായി.
നഷ്ടത്തിന്റെ ആഴം ആശങ്കപ്പെടുത്തുന്നുവെന്ന് ലിബറൽ ഡെമോക്രാറ്റ് പാർട്ടിയുടെ പ്രതിരോധ വക്താവ് ഹെലൻ മഗ്വേർ പറഞ്ഞു. പ്രത്യേകിച്ച് ആഗോളതലത്തിൽ സുരക്ഷാ പിരിമുറുക്കം വർധിക്കുന്ന ഈ സമയത്ത്, നിർണായകമായ ദേശീയ സുരക്ഷാ വിവരങ്ങൾ തെറ്റായ കൈകളിൽ എത്തിയേക്കാം. സാധനങ്ങൾ എങ്ങനെ നഷ്ടപ്പെട്ടുവെന്നും നഷ്ടവും മോഷണവും കുറക്കാൻ എന്തുചെയ്യുന്നുവെന്നും അടിയന്തരമായി അന്വേഷിക്കണമെന്ന് ലിബറൽ ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടു.
കൈവശം വെക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ സ്വഭാവമനുസരിച്ച് അവയെ പരിരക്ഷിക്കുന്നതിന് സുരക്ഷാ നിയന്ത്രണങ്ങൾ വെച്ചിരുന്നതായി സർക്കാർ പറഞ്ഞു. പ്രതിരോധ ആസ്തികളുടെ സുരക്ഷ ഞങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. നഷ്ടങ്ങളും മോഷണങ്ങളും തടയുന്നതിനുള്ള ശക്തമായ നയങ്ങളും നടപടിക്രമങ്ങളും ഉണ്ട്.
സംശയിക്കപ്പെടുന്ന ക്രിമിനൽ പ്രവർത്തനം കാരണം ഏതെങ്കിലും സ്വത്തുക്കൾ നഷ്‌ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്‌താൽ, അവക്കെുറിച്ച് അന്വേഷിക്കാനും പ്രോസിക്യൂട്ട് ചെയ്യാനും വീണ്ടെടുക്കാനും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതായി ഒരു പ്രതിരോധ വക്താവ് പറഞ്ഞു.
തോക്കുകളുടെ നഷ്ടം ഡിപ്പാർട്ട്‌മെന്റ് വളരെ ഗൗരവമായി എടുത്തിട്ടുണ്ടെന്നും എല്ലാ നഷ്ടങ്ങളും മോഷണങ്ങളും പൂർണമായും കർശനമായും അന്വേഷിക്കുന്നുവെന്നുമാണ് സായുധ സേനാ മന്ത്രി ലൂക്ക് പൊള്ളാർഡിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.