യുക്രെയ്നിലെ വംശഹത്യയെക്കുറിച്ച് സംസാരിക്കാൻ ഫ്രഞ്ച് പ്രസിഡന്‍റ് വിസമ്മതിച്ചു; വേദനാജനകമെന്ന് സെലൻസ്കി
text_fieldsകിയവ്: യുക്രെയ്നെതിരായ റഷ്യൻ ആക്രമങ്ങളെ വംശഹത്യയെന്ന് വിശേഷിപ്പിക്കാൻ വിസമ്മതിച്ച് റഷ്യക്കാരെ സഹോദര ജനതെയെന്ന് പരാമർശിച്ച ഫ്രഞ്ച് പ്രസിഡന്‍റിനെതിരെ യുക്രെയ്ൻ പ്രസിഡന്‍റ് വൊളാദിമിർ സെലൻസ്കി. യുക്രെയ്ൻ സന്ദർശിക്കാനെത്തിയ പോളണ്ടിലെയും ബാൾട്ടിക് രാജ്യങ്ങളിലെയും നേതാക്കൽ പങ്കെടുത്ത വാർത്തസമ്മേളനത്തിലായിരുന്നു സെലൻസ്കിയുടെ പ്രതികരണം.
ഇത്തരം കാര്യങ്ങൾ വളരെ വേദനയുണ്ടാക്കുന്നു. അതിനാൽ ഈ വിഷയം അദ്ദേഹവുമായി ചർച്ച ചെയ്യാൻ ഞാൻ തീർച്ചയായും ശ്രമിക്കുമെന്ന് സെലൻസ്കി പറഞ്ഞു.
യുക്രെയ്നെതിരെ റഷ്യ വംശഹത്യ നടത്തുകയാണെന്ന യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്റെ ആരോപണം ആവർത്തിക്കാൻ ഫ്രാൻസിന്റെയും ജർമനിയുടെയും നേതാക്കൾ വിസമ്മതിച്ചിരുന്നു. വാക്കാലുള്ള ഇത്തരം പ്രതികരണങ്ങൾ യുദ്ധം അവസാനിപ്പിക്കുന്നതിന് സഹായിക്കില്ലെന്ന് ഇരു നേതാക്കളും പറഞ്ഞു.
റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിൻ പുടിൻ യുക്രെയ്നിൽ വംശഹത്യ നടത്തുകയാണെന്നും യുക്രെയ്ൻ എന്ന ആശയം തന്നെ തുടച്ചു മാറ്റാനാണ് റഷ്യ ശ്രമിക്കുന്നതെന്നും ബൈഡൻ ആരോപിച്ചിരുന്നു. എന്നാൽ നേതാക്കൾ അവരുടെ ഭാഷയിൽ ജാഗ്രത പുലർത്തണമെന്ന് ഇമ്മാനുവൽ മാക്രോൺ പ്രതികരിച്ചു.
"റഷ്യ ഏകപക്ഷീയമായി ഏറ്റവും ക്രൂരമായ ആക്രമണമാണ് അഴിച്ചുവിട്ടത്. റഷ്യൻ സൈന്യം യുദ്ധക്കുറ്റങ്ങൾ ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തരവാദികളായവരെ കണ്ടെത്തി അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്"- മാക്രോൺ പറഞ്ഞു.
താൻ വസ്തുതകൾ മനസ്സിലാക്കി യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ആഗ്രഹിക്കുന്നു. അതിനാൽ ഇത്തരം സന്ദർഭങ്ങളിൽ വംശഹത്യയെക്കുറിച്ചുള്ള പദപ്രയോഗങ്ങൾ ശ്രദ്ധയോടെ കാണുന്നതാണ് നല്ലതെന്നും മാക്രോൺ ലോക നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.