'കഴിഞ്ഞ എട്ട് വർഷം കൊണ്ട് ഇന്ത്യൻ ജനാധിപത്യത്തെ ഞങ്ങൾ സുസ്ഥിരമാക്കി'; ജപ്പാനിൽ മോദി
text_fieldsടോക്യോ: കഴിഞ്ഞ എട്ട് വർഷത്തെ ഭരണത്തിലൂടെ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഇന്ത്യൻ ജനാധിപത്യത്തെ സുശക്തവും സുസ്ഥിരവുമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന്‍റെ നെടുന്തൂൺ ജനാധിപത്യമാണെന്നും മോദി പറഞ്ഞു. ക്വാഡ് ഉച്ചകോടിക്കായി ജപ്പാനിലെത്തിയ മോദി ടോക്യോയിലെ ഇന്ത്യക്കാരുമായി സംവദിക്കുകയായിരുന്നു. ഇന്ത്യൻ ജനാധിപത്യം കടുത്ത വെല്ലുവിളി നേരിടുകയാണെന്ന വിമർശനമുയരുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ പ്രസ്താവന.
എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണകൂടം മാത്രമല്ല, എല്ലാ പൗരന്മാരുടെയും അഭിലാഷങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്ന ഒരു ഭരണകൂടം കൂടിയാണ് ഞങ്ങൾ വിഭാവനം ചെയ്യുന്നത്. ഇന്ത്യയിൽ ജനങ്ങളാൽ നയിക്കപ്പെടുന്ന ഒരു യഥാർഥ ഭരണകൂടമാണ് ഇന്നുള്ളത്. ഇതാണ് ഇന്ത്യൻ ജനാധിപത്യത്തെ സുശക്തമാക്കി നിർത്തുന്നത് -മോദി പറഞ്ഞു.
ഇന്ത്യ, ജപ്പാൻ, ആസ്ത്രേലിയ, യു.എസ് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി ജപ്പാനിലെത്തിയത്. തന്ത്രപ്രധാനമായ ഇന്തോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനും അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ക്വാഡ് ഉച്ചകോടി നടക്കുന്നത്.
മേയ് 24ന് നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ മോദിക്ക് പുറമെ, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ആസ്ത്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസെ എന്നിവരാണ് പങ്കെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.