യു.എസ് എംബസിക്ക് പുറത്ത് ഗാന്ധി പ്രതിമ ഖലിസ്താൻവാദികൾ വികൃതമാക്കി
text_fieldsവാഷിങ്ടൺ: ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തെ പിന്തുണച്ച് യു.എസിലെ ഇന്ത്യൻ എംബസിക്കു സമീപം അമേരിക്കൻ-സിഖ് യുവാക്കൾ നടത്തിയ പ്രകടനത്തിൽ നുഴഞ്ഞുകയറിയ ഖലിസ്താൻവാദികൾ മഹാത്മാ ഗാന്ധിയുടെ പ്രതിമ കേടുവരുത്തി. ശനിയാഴ്ചയാണ് സംഭവം.
എംബസിക്ക് പുറത്താണ് പ്രതിമ. വാഷിങ്ടൺ ഡി.സിയിലെ എംബസിയിലേക്ക് വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള യുവാക്കൾ കാർ റാലി നടത്തിയിരുന്നു. സമാധാനപരമായ സമരം പൊടുന്നനെ വിഘടനവാദികൾ ഏറ്റെടുത്തു. ഖലിസ്താൻ പതാകയും ഇന്ത്യവിരുദ്ധ മുദ്രാവാക്യങ്ങളുമായാണ് ഇവർ എത്തിയത്. വാളുവീശിയെത്തിയ ഒരു സംഘം മഹാത്മ ഗാന്ധി പ്രതിമയിൽ പോസ്റ്റർ പതിച്ചു.
നടപടിയെ ഇന്ത്യൻ എംബസി ശക്തിയായി അപലപിച്ചു. പ്രതിഷേധമെന്ന നിലയിൽ നടത്തിയത് അക്രമമാണ്. ലോകമാകെ ആദരിക്കുന്ന, സമാധാനത്തിെൻറയും നീതിയുടെയും അടയാളമാണ് ഗാന്ധി. അദ്ദേഹത്തിെൻറ പ്രതിമക്കു നേരെ നടന്ന ആക്രമണം ഒരിക്കലും അംഗീകരിക്കാനാകില്ല -എംബസി വ്യക്തമാക്കി. അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് എംബസി പരാതി നൽകിയിട്ടുണ്ട്.
വാഷിങ്ടൺ ഡി.സി പൊലീസും രഹസ്യപ്പൊലീസും സ്ഥലത്തുള്ളപ്പോഴാണ് സംഭവം. അര മണിക്കൂറിനുശേഷം, മറ്റൊരു ഖലിസ്താൻ ഗ്രൂപ് എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഗാന്ധി പ്രതിമയുടെ കഴുത്തിൽ തൂക്കി.
തുടർന്ന് രഹസ്യപ്പൊലീസ് സ്ഥലത്തെത്തി, ഇത് നിയമലംഘനമാണെന്ന് വ്യക്തമാക്കി. യു.എസിൽ, സ്മാരകങ്ങളും പ്രതിമയും മറ്റും നശിപ്പിക്കുന്നത് 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 2000ത്തിൽ അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയ് ആണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. ഈ വർഷം ഇത് രണ്ടാം തവണയാണ് ഗാന്ധി പ്രതിമ വികൃതമാക്കാൻ ശ്രമമുണ്ടാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.