ആഭ്യന്തര കലാപം തുടരുന്നു; നാവിക താവളത്തിൽ ഒളിച്ച് മഹീന്ദ രാജപക്സയും കുടുംബവും
text_fieldsകൊളംബോ: ആഭ്യന്തര കലാപം രൂക്ഷമായതോടെ ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സയും കുടുംബവും നാവിക താവളത്തിൽ അഭയം തേടി. രാജ്യത്തിന്‍റെ വടക്ക് - കിഴക്ക് ഭാഗത്തുള്ള ട്രിങ്കോമാലിയിലെ നാവിക താവളത്തിലേക്കാണ് തിങ്കളാഴ്ച അർധരാത്രിയോടെ രാജപക്സയേയും കുടുംബത്തേയും സൈന്യം മാറ്റിയത്. തലസ്ഥാനമായ കൊളംബോയിൽ നിന്ന് 270 കിലോ മീറ്റർ അകലെയാണ് ഇൗ കേന്ദ്രം. തലസ്ഥാനത്തെ അദ്ദേഹത്തിന്‍റെ ഒൗദ്യോഗിക വസതിക്ക് മുന്നിലേക്ക് നൂറു കണക്കിന് പേരാണ് പ്രതിഷേധവുമായി തിങ്കളാഴ്ച രാത്രിയോടെ എത്തിയത്.
പെട്രോൾ ബോംബുകളടക്കം പ്രതിഷേധക്കാർ വസതിക്ക് നേരെ എറിഞ്ഞതോടെയാണ് രാജപക്സയും കുടുംബത്തേയും ഹെലികോപ്റ്ററിൽ നാവിക താവളത്തിലേക്ക് മാറ്റിയത്. അതേസമയം, രാജപക്സ അഭയം തേടിയ നാവിക താവളത്തിന് പുറത്തും പ്രതിഷേധം ശക്തമാകുന്നുണ്ടെന്നാണ് വിവരം.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മാസങ്ങളായി രാജ്യത്ത് പ്രതിഷേധങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ആയിരക്കണക്കിന് പൊലീസുകാരേയും െെസന്യത്തെയുമാണ് കർഫ്യുവിന്‍റെ ഭാഗമായി വിന്യസിച്ചത്.
കർഫ്യൂ ഉണ്ടായിരുന്നിട്ടും ഒറ്റ രാത്രി കൊണ്ട് ഭരണകക്ഷിയിലുള്ള 41 പേരുടെ വീടുകളാണ് പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയത്. രാജപക്സയുടെ അനുയായികൾ ആയുധങ്ങളുമായി സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ നേരിട്ടതോടെയാണ് തിങ്കളാഴ്ച ആക്രമം ആരംഭിച്ചത്. പ്രധാനമന്ത്രി രാജിവെച്ചങ്കിലും പ്രതിഷേധങ്ങൾ അവസാനിച്ചിട്ടില്ല. രാജപക്സ രാജിവെച്ച തിങ്കളാഴ്ചയടക്കം നടന്ന അക്രമങ്ങളിൽ 200 ഓളം പേർക്കാണ് പരിക്കേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.