ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി ഫോണിൽ സംസാരിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ
text_fieldsവാഷിങ്ടൺ: ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി ഫോണിൽ സംസാരിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. വാർത്ത ഏജൻസിയായ വഫയാണ് ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്. ഗസ്സയിലേക്ക് മാനുഷിക സഹായമെത്തിക്കാനുള്ള സുരക്ഷിതമായ വഴി ഉടൻ തുറക്കണമെന്ന് അബ്ബാസ് ബൈഡനോട് ആവശ്യപ്പെട്ടു.
മെഡിക്കൽ ഉപകരണങ്ങളും വെള്ളവും വൈദ്യുതിയും എണ്ണയും ഗസ്സയിലേക്ക് വിതരണം ചെയ്യണം. ഫലസ്തീനികൾ ഗസ്സ മുനമ്പിൽ നിന്ന് കുടിയൊഴിഞ്ഞ് പോകില്ലെന്ന് അദ്ദേഹം യു.എസ് പ്രസിഡന്റിനെ അറിയിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരുടെ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഇസ്രായേൽ ആക്രമണങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 400 ഫലസ്തീൻകാർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു. ഫലസ്തീൻ വാർത്ത ഏജൻസിയായ വഫ ന്യൂസാണ് ഇക്കാര്യം അറിയിച്ചത്. 1500 പേർക്ക് ആക്രമണങ്ങളിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 260 പേരാണ് ഗസ്സ നഗരത്തിൽ മരിച്ചത്. സെൻട്രൽ ഗസ്സയിലെ ഡെർ അൽ-ബലാഹിൽ 80 പേരും വടക്കൻ പ്രദേശത്തുള്ള ജബലയ അഭയാർഥി ക്യാമ്പിൽ 40 പേരും കൊല്ലപ്പെട്ടു.
ബെയ്ത് ലാഹിയ നഗരത്തിൽ 10 ഫലസ്തീനികളും തെക്കൻ പ്രദേശമായ ഖാൻ യൂനിസിൽ 20 പേരും കൊല്ലപ്പെട്ടു. അതേസമയം ഈജിപ്തിലേക്കുള്ള റഫ അതിർത്തി തുറക്കാൻ ഇസ്രായേൽ ഇനിയും തയാറായിട്ടില്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇസ്രായേൽ ആക്രമണം മൂലം ദുരിതത്തിലായ ഗസ്സക്ക് റഫ അതിർത്തി വഴി സഹായം നൽകാനും അനുവദിക്കുന്നില്ലെന്നാണ് വിവരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.