ഇന്ത്യയുമായി സമാധാനം നിലനിർത്തുന്നതിനാണ് നയതന്ത്ര മുൻഗണനയെന്ന് ചൈന
text_fields
ബെയ്ജിങ്: ലഡാക്ക് അതിർത്തിയിലെ തർക്കപ്രദേശത്ത് സമാധാനം നിലനിർത്തികൊണ്ട് ഇന്ത്യയുമായുള്ള ബന്ധം വർദ്ധിപ്പിക്കുക എന്നതിനാണ് നയതന്ത്ര മുൻഗണന നൽകുന്നതെന്ന് ചൈന. ഭാവിയിൽ അയൽക്കാരുമായുള്ള ബന്ധം വർധിപ്പിക്കാൻ ബെയ്ജിങ് ശ്രമിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു.
കോവിഡ് മഹാമാരി ലോകരാജ്യങ്ങളെയും അന്താരാഷ്ട്ര നയതന്ത്രത്തെയും സ്വാധീനിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചൈനയുടെ നയതന്ത്ര മുൻഗണനകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. യു.എസ്, റഷ്യ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ഇന്ത്യ എന്നീ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ മുന്നേറാനുള്ള ശ്രമത്തിലാണ് ബെയ്ജിങ്ങെന്നും അദ്ദേഹം പറഞ്ഞു.
"ചൈന-ഇന്ത്യ ബന്ധം സുദൃഢമാക്കുന്നതിന് ഇരുരാജ്യങ്ങളും സംയുക്തമായി അതിർത്തി പ്രദേശങ്ങളിലെ സമാധാനവും സുരക്ഷയും സംരക്ഷിക്കണം. സുസ്ഥിരവും മികച്ചതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഉഭയകക്ഷി ബന്ധം നിലനിർത്തുകയും വേണം"-ഷാവോ പറഞ്ഞു.
ചൈന അയൽരാജ്യങ്ങളും മറ്റ് വികസ്വര രാജ്യങ്ങളുമായി തന്ത്രപരമായ പരസ്പര വിശ്വാസം വർദ്ധിപ്പിക്കുകയും അവരുമായി പങ്കിട്ട താൽപ്പര്യങ്ങൾ പരിഗണിക്കുകയും ചെയ്യുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിൻെറ വെബ്‌സൈറ്റിൽ തിങ്കളാഴ്ച രാത്രി പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ ഷാവോ വ്യക്തമാക്കി. ചൈനയുടെ നിലവിലെ നയതന്ത്ര പ്രവർത്തനങ്ങളെക്കുറിച്ചും നയതന്ത്ര മുൻഗണനകളെക്കുറിച്ചും ഒൗദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കിഴക്കൻ ലഡാക്കിൽ എൽ.എ.സിയിൽ ഇന്ത്യയും ചൈനയും തമ്മിൽ നിലനിൽക്കുന്ന പിരിമുറുക്കത്തെക്കുറിച്ച് ചൈനീസ് ഉദ്യോഗസ്ഥർ ഒരു പരാമർശവും നടത്തിയിട്ടില്ല. വിഷയത്തിൽ ഇരുരാജ്യങ്ങളും നയതന്ത്ര-സൈനിക ചർച്ചകൾ പലവട്ടം നടത്തിയിട്ടുണ്ടെങ്കിലും നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.