'മൊളട്ടവ് കോക്ടെയ്ൽ'; ഇരച്ചെത്തുന്ന റഷ്യൻ പടയെ തുരത്താൻ യുക്രെയ്നികളുടെ ആയുധം
text_fieldsറഷ്യൻ അധിനിവേശത്തിൽ നിന്ന് സ്വരാജ്യത്തെ സംരക്ഷിക്കാൻ ആയുധമെടുത്ത് പോരാടാനാണ് യുക്രെയ്ൻ ജനതയോട് പ്രസിഡന്‍റ് വ്ലോദിമിർ സെലെൻസ്കി ആവശ്യപ്പെട്ടിരിക്കുന്നത്. പട്ടാളനിയമം പ്രഖ്യാപിച്ച രാജ്യത്ത് സാധാരണക്കാർക്കെല്ലാം ആയുധം വിതരണം ചെയ്യുകയാണ്. തെരുവുകളിലെല്ലാം തോക്കേന്തി കാവൽ നിൽക്കുന്ന നാട്ടുകാരെ യുക്രെയ്നിൽ കാണാം.
നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് ആക്രമിച്ച് കയറുന്ന റഷ്യൻ പടയെ തുരത്താൻ യുക്രെയ്നിലെ സാധാരണക്കാരുടെ കൈയിലുള്ള മറ്റൊരു ആയുധമാണ് 'മോളട്ടവ് കോക്ടെയിൽ'. യുക്രെയ്ൻ പ്രതിരോധ വകുപ്പ് മോളട്ടവ് കോക്ടെയിൽ ഉണ്ടാക്കി ശത്രുവിനെ നേരിടാൻ ആഹ്വാനം ചെയ്യുകയുമുണ്ടായി. ഇത് എങ്ങനെയുണ്ടാക്കാമെന്നതിന്‍റെ മാർഗനിർദേശങ്ങളും നൽകി. എളുപ്പം നിർമിക്കാവുന്ന മോളട്ടവ് കോക്ടെയിൽ ഉപയോഗിച്ച് ജനം റഷ്യൻ സൈന്യത്തെ ആക്രമിക്കുന്നതിന്‍റെ നിരവധി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
പേരുകേട്ടാൽ വല്ല പാനീയവുമാണോയെന്ന് തെറ്റിദ്ധരിക്കുമെങ്കിലും നമ്മുടെ പെട്രോൾ ബോംബ് തന്നെയാണ് മൊളട്ടവ് കോക്ടെയിൽ. ഒഴിഞ്ഞ മദ്യക്കുപ്പിയിൽ പെട്രോളോ മറ്റ് എളുപ്പം തീപിടിക്കുന്ന വസ്തുവോ നിറച്ച് കോർക്കിന്‍റെ സ്ഥാനത്ത് തുണി തിരുകിയാണ് ഇതിന്‍റെ നിർമാണം. തുണിക്ക് തീകൊളുത്തി ശത്രുവിന് നേരെ എറിയും.
നിരവധിയിടങ്ങളിൽ റഷ്യൻ സേനക്ക് നേരെ നാട്ടുകാർ മൊളട്ടവ് കോക്ടെയിൽ പ്രയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുക്രെയ്നിലെ റേഡിയോ നിലയങ്ങളും ടി.വി ചാനലുകളും മൊളട്ടവ് കോക്ടെയിൽ നിർമിക്കാൻ ജനങ്ങൾക്ക് പ്രത്യേക മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്.
പെട്രോൾ ബോംബിന് മോളട്ടവ് കോക്ടെയിൽ എന്ന് പേര് വന്നതിന് പിന്നിലൊരു കഥയുണ്ട്. രണ്ടാംലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സോവിയറ്റ് യൂണിയനും ഫിൻലൻഡും തമ്മിൽ 1939-40 കാലത്ത് നടന്ന കടുത്ത പോരാട്ടമാണ് വിന്‍റർ വാർ എന്നറിയപ്പെടുന്നത്. സോവിയറ്റിനായിരുന്നു യുദ്ധത്തിൽ ജയം. അന്ന് സോവിയറ്റ് വിദേശകാര്യ മന്ത്രിയായിരുന്നു വ്യേചെസ്ലാവ് മൊളട്ടവ്. യുദ്ധത്തിനിടെ സോവിയറ്റ് യൂണിയൻ ഫിൻലൻഡിൽ വ്യാപകമായി പെട്രോൾ ബോംബുകൾ പ്രയോഗിച്ചു. എന്നാൽ, അവിടെ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുകയാണെന്നായിരുന്നു മൊളട്ടവിന്‍റെ പ്രസ്താവന. ഇതിനെ പരിഹസിച്ചുകൊണ്ട് ഫിൻലൻഡുകാരാണ് പെട്രോൾ ബോംബിനെ മൊളട്ടവ് കോക്ടെയിൽ എന്ന് വിളിച്ചു തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.