ലണ്ടനിലെ റെസ്റ്റോറന്റിൽ മലയാളി വിദ്യാർഥിനിക്ക് കുത്തേറ്റു; ഇന്ത്യക്കാരൻ അറസ്റ്റിൽ
text_fieldsലണ്ടൻ: കിഴക്കൻ ലണ്ടനിലെ ഹൈദരാബാദി റെസ്റ്റോറന്റിനുള്ളിൽ മലയാളി വിദ്യാർത്ഥിനിയെ കത്തികൊണ്ട് കുത്തിയ 23കാരനായ ഇന്ത്യൻ യുവാവിനെ അറസ്റ്റ ചെയ്തു. ഈസ്റ്റ് ഹാമിലെ ഹൈദരാബാദ് വാല ബിരിയാണി റെസ്റ്റോറന്റിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഇവിടെ പാർട്ട് ടൈം ആയി ജോലി ചെയ്തിരുന്ന സോന ബിജുവിനെ (22) ആണ് ശ്രീറാം അംബർള എന്നയാൾ കുത്തിയത്. തിങ്കളാഴ്ച തെംസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വിട്ടു.
20ഓളം കുത്തുകളാണ് സോനയുടെ ശരീരത്തിലുണ്ടായിരുന്നത്. ഇവരെ ഉടൻ തന്നെ ലണ്ടൻ ആംബുലൻസ് സർവിസും ഉദ്യോഗസ്ഥരും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലേക്ക് എത്തിക്കുമ്പോൾ ഗുരുതരാവസ്ഥയിലായിരുന്നുവെങ്കിലും ഇപ്പോൾ നില തൃപ്തികരമാണെന്ന് മെട്രോപൊളിറ്റൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.
ഹൈദരാബാദുകാരനായ പ്രതിക്ക് ലണ്ടനിൽ സ്ഥിരമായ മേൽവിലാസമില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് റെസ്റ്റോറന്റിൽ നടന്ന ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണം നടത്തിയയാൾ ഭക്ഷണം കഴിക്കാൻ റെസ്റ്റോറന്റിൽ വന്നതാണെന്ന് കരുതുന്നു. മറ്റ് ഉപഭോക്താക്കളെയും ജീവനക്കാരെയും ഇയാൾ ഭീഷണിപ്പെടുത്തുന്നത് വിഡിയോയിൽ കാണാം.
സംഭവത്തിന് പിന്നിലെ ഉദ്ദേശ്യം പൊലീസ് അന്വേഷിക്കുകയാണ്. ഇതുസംബന്ധിച്ച് വിവരങ്ങൾ അറിയുന്നവർ പൊലീസിനെ ബന്ധപ്പെടണം. രഹസ്യവിവരം തരാൻ ആഗ്രഹിക്കുന്നവർ 'ക്രൈംസ്റ്റോപ്പേഴ്‌സി'നെ' ആണ് ബന്ധപ്പെടേണ്ടത്.
സോന ബിജു കഴിഞ്ഞ ഫെബ്രുവരിയിലാണ് ലണ്ടനിലെത്തുന്നത്. ഈസ്റ്റ് ലണ്ടൻ യൂണിവേഴ്‌സിറ്റി മാസ്റ്റേഴ്സിന് പഠിക്കുകയാണ് ഇവർ. യൂനിവേഴ്സിറ്റി പൊലീസുമായി സഹകരിക്കുന്നുണ്ടെന്നും വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും അറിയിച്ചു.
'മാർച്ച് 25ന് ഈസ്റ്റ് ഹാമിലെ ഹൈദരാബാദ് വാല റെസ്റ്റോറന്റിൽ രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഭവത്തെക്കുറിച്ച് ഈസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിക്ക് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന മെട്രോപൊളിറ്റൻ പൊലീസിനും ബന്ധപ്പെട്ടവർക്കും ഞങ്ങൾ പിന്തുണ നൽകുന്നു' -സർവകലാശാല പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.