മലേഷ്യയിൽ മുഹ്യുദ്ദീൻ യാസീൻ രാജിവെച്ചു
text_fieldsക്വാലാലംപുർ: 17 മാസത്തെ ഭരണത്തിനൊടുവിൽ മലേഷ്യൻ പ്രധാനമന്ത്രി മുഹ്യുദ്ദീൻ യാസീൻ രാജിവെച്ചു. കഴിഞ്ഞ വർഷം മാർച്ചിലാണ് നേരിയ ഭൂരിപക്ഷത്തിൽ യാസീൻ അധികാരമേറ്റത്. ഭരണകക്ഷിയിലെ മുഖ്യപാർട്ടിയായ യു.എം.എൻ.ഒ പിന്തുണ പിൻവലിച്ചതിനെ തുടർന്നാണ് മന്ത്രിസഭ തകർന്നത്. പാർലമെൻറിൽ ആർക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ ആരാണ് അടുത്ത സർക്കാർ രൂപവത്കരിക്കുക എന്നതിൽ അനിശ്ചിതത്വമുണ്ട്.
കോവിഡ് സാഹചര്യത്തിൽ രാജ്യത്ത് ഉടൻ തെരഞ്ഞെടുപ്പ് നടക്കുമോ എന്നതിലും വ്യക്തതയില്ല. അന്തിമ തീരുമാനം രാജാവ് സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹ്മദ് ഷായുടെതാണ്. പിൻഗാമിയെ കണ്ടെത്തുന്നതുവരെ രാജാവ് ആയിരിക്കും കാവൽ പ്രധാനമന്ത്രി. കോവിഡ് തുടരുന്ന സാഹചര്യത്തിൽ പുതിയ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ അനിശ്ചിതത്വമുണ്ടെന്നും രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് ഉടൻ അന്ത്യം കുറിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഭരണകാലത്തുണ്ടായ വീഴ്ചകളിൽ മാപ്പുചോദിക്കാൻ ഈ അവസരം വിനിയോഗിക്കുന്നതായും കോവിഡ് മഹാമാരിക്കിടെ പരമാവധി ആളുകളുടെ ജീവൻ രക്ഷിക്കുന്നതിനാണ് തെൻറ സർക്കാർ മുഖ്യപരിഗണന നൽകിയതെന്നും രാജിപ്രഖ്യാപനത്തിനിടെ യാസീൻ പറഞ്ഞു. 2018ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച മഹാതീർ മുഹമ്മദ് രാജിവെച്ചതോടെയാണ് ഇദ്ദേഹം അധികാരമേറ്റത്.ജനുവരിയിൽ അംഗങ്ങളുടെ പിന്തുണയില്ലാതെ യാസീൻ പാർലമെൻറ് പിരിച്ചുവിട്ടിരുന്നു. നിയമാനുസൃതമല്ലാെത ആഗസ്റ്റ് ഒന്നുവരെ രാജ്യത്ത് കോവിഡ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും വിവാദമായി. കോവിഡ് വ്യാപനം തടയുന്നതിൽ യാസീൻ സർക്കാർ പരാജയമാണെന്ന് ആരോപണമുയർന്നിരുന്നു.
പ്രതിപക്ഷം പ്രധാനമന്ത്രിയായി അൻവർ ഇബാഹീമിനെയാണ് മുന്നോട്ടുനിർത്തുന്നത്. എന്നാൽ, പാർലമെൻറിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗസംഖ്യ പ്രതിപക്ഷത്തിനില്ല. ഉപപ്രധാനമന്ത്രി ഇസ്മായിലിെൻറ പേരും പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.