മലേഷ്യ വീണ്ടും തെരഞ്ഞെടുപ്പിലേക്ക്; പാർലമെന്റ് പിരിച്ചുവിട്ട് പ്രധാനമന്ത്രി
text_fieldsക്വാലാലംപുർ: കാലാവധി അവസാനിക്കും മുമ്പേ മലേഷ്യൻ പാർലമെന്റ് പിരിച്ചുവിട്ട് പ്രധാനമന്ത്രി ഇസ്മായിൽ സാബ്രി യാകൂബ്. ജനവിധിയിലൂടെ കൂടുതൽ നേട്ടം കൊയ്യാൻ ലക്ഷ്യമിട്ട് നവംബറിൽ വീണ്ടും തെരഞ്ഞെടുപ്പിന് ആഹ്വാനവും ചെയ്തു. കാലാവധി അവസാനിക്കാൻ ഒമ്പതു മാസം ബാക്കിനിൽക്കേയാണ് നടപടി. മലേഷ്യൻ രാജാവ് സുൽത്താൻ അബ്ദുല്ല സുൽത്താൽ അഹ്മദ് ഷാ തീരുമാനം അംഗീകരിച്ചതായും തീയതി തിരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിക്കുമെന്നും ടെലിവിഷൻ പ്രസംഗത്തിൽ ഇസ്മായിൽ പറഞ്ഞു. പാർലമെന്റ് പിരിച്ചുവിട്ട് 60 ദിവസത്തിനകം വോട്ടെടുപ്പ് നടത്തണമെന്നാണ് ചട്ടം. തെരഞ്ഞെടുപ്പ് കമീഷൻ ഈ ആഴ്ച യോഗം ചേരുമെന്നാണ് പ്രതീക്ഷ.
തെരഞ്ഞെടുപ്പ് നേരത്തെ നടത്താൻ ഇസ്മായിലിന്റെ യുനൈറ്റഡ് മലയാസ് നാഷനൽ ഓർഗനൈസേഷൻ (യു.എം.എൻ.ഒ) ആവശ്യപ്പെട്ടിരുന്നു. മലേഷ്യയിൽ ഭരണസഖ്യത്തിലെ ഏറ്റവും പ്രബല കക്ഷിയായ യു.എം.എൻ.ഒയും മറ്റ് സഖ്യകക്ഷികളുമായി അഭിപ്രായഭിന്നതയുണ്ട്. അതിനാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയെടുക്കാനാണ് യു.എം.എൻ.ഒയുടെ ശ്രമം. കോവിഡ് മഹാമാരിയിൽനിന്ന് കരകയറുന്ന സമ്പദ്വ്യവസ്ഥ വർദ്ധിച്ചുവരുന്ന ചെലവുകളിലും ആഗോള മാന്ദ്യത്തിലും ഞെരുങ്ങാൻ തുടങ്ങിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിനുള്ള നീക്കം.
തന്റെ സർക്കാറിന്റെ നിയമസാധുത സംബന്ധിച്ച് വിമർശനം ഒഴിവാക്കാനാണ് നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതെന്ന് ഇസ്മായിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് വർഷാവസാന മൺസൂൺ സീസണിൽ വന്നാൽ പോളിങ് കുറയും. വെള്ളപ്പൊക്കത്തിനിടയാക്കുന്ന മൺസൂൺ സീസണിന് മുമ്പ് ഇത് നവംബറിന്റെ തുടക്കത്തിൽ നടത്താനാണ് സാധ്യത. കഴിഞ്ഞവർഷം 50 ലധികം ആളുകൾ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, മൺസൂൺ കാലത്ത് തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ഭരണകക്ഷിയിലെ മറ്റ് പാർട്ടികളും പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.