ഒരിക്കലും ആവർത്തിക്കില്ല; പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തെ കുറിച്ച് മാലദ്വീപ് വിദേശകാര്യ മന്ത്രി
text_fieldsമാലെ: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ കൂടിക്കാഴ്ച നടത്തി. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യ സന്ദർശിക്കുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ഇരുവരും കൂടിക്കാഴ്ചയിൽ ധാരണയിലെത്തിയതിനു പിന്നാലെയാണ് മുയിസുവിന്റെ ഇന്ത്യ സന്ദർശനത്തെ കുറിച്ച് ചർച്ച ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഒരിക്കലും ഉണ്ടാകാതെ സർക്കാർ ശ്രദ്ധിക്കുമെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രി ഉറപ്പു നൽകി.
തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ഇന്ത്യ സന്ദർശിക്കാതെ ചൈനയിലേക്ക് പോയ മുയിസുവിന്റെ നടപടിയെ സമീർ ന്യായീകരിച്ചു. ''ചൈനയിൽ പോയതുപോലെ പ്രസിഡന്റ് തുർക്കിയും സന്ദർശിച്ചിരുന്നു. സൗകര്യം കണക്കിലെടുത്തായിരുന്നു ആ സന്ദർശനം. ഇന്ത്യ സന്ദർശിക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്തിരുന്നു. എന്നാൽ ഇരുകൂട്ടരുടേയും സൗകര്യം കണക്കിലെടുത്ത് ഏറ്റവും സൗകര്യപ്രദമായി ദിവസത്തേക്ക് സന്ദർശനം മാറ്റാൻ തീരുമാനിക്കുകയായിരുന്നു.''-മാലദ്വീപ് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചയിൽ എത്രയും പെട്ടെന്ന് മുയിസുവിന്റെ ഇന്ത്യൻ സന്ദർശനം യാഥാർഥ്യമാക്കാനുള്ള കാര്യങ്ങൾ ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.
ചൈനയുമായി ഞങ്ങൾക്ക് സൈനിക കരാറുകളൊന്നുമില്ല. മാലദ്വീപിലേക്ക് വിദേശസൈനികരെ അനുവദിക്കില്ലെന്നതും ഞങ്ങളുടെ തീരുമാനമാണ്. ഇന്ത്യയുടെ സാമ്പത്തിക സഹായം മാലദ്വീപിന് സുപ്രധാനമാണെന്നും മന്ത്രി വിശദീകരിച്ചു.
ലക്ഷദ്വീപ് സന്ദർശനത്തിനു പിന്നാലെയാണ് പ്രധാനമന്ത്രിക്കെതിരെ മാലദ്വീപിലെ മന്ത്രിമാരടക്കം സാമൂഹിക മാധ്യമങ്ങൾ വഴി അധിക്ഷേപ പരാമർശം നടത്തിയത്. മാലദ്വീപിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ റദ്ദാക്കിയാണ് ഇന്ത്യക്കാർ ഇതിന് മറുപടി നൽകിയത്. പരാമർശം വിവാദമായപ്പോൾ മന്ത്രിമാരെ മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ബോളിവുഡ് സെലിബ്രിറ്റികളാണ് ഏറ്റവും കൂടുതൽ മാലദ്വീപ് സന്ദർശിക്കാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.