അംഗീകരിക്കാനാകില്ല; മോദിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മാലദ്വീപ് വിദേശകാര്യ മന്ത്രി
text_fieldsമാലി: ലക്ഷദ്വീപ് സന്ദർശിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച തങ്ങളുടെ മന്ത്രിമാരുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് മാലദ്വീപ് വിദേശകാര്യമന്ത്രി മൂസ സമീർ. ഇത്തരം പരാമർശങ്ങൾ മാലദ്വീപ് സർക്കാറിന്‍റെ ഔദ്യോഗിക നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.
മാലദ്വീപ് എല്ലാ പങ്കാളികളുമായും, പ്രത്യേകിച്ച് അയൽരാജ്യങ്ങളുമായി വളരെ നല്ല ബന്ധമാണ് കാത്ത് സൂക്ഷിക്കുന്നത്, മൂന്ന് മന്ത്രിമാർ നടത്തിയ പരാമർശം ഒരിക്കലും മാലദ്വീപിന്‍റെ ഔദ്യോഗിക താൽപര്യമല്ല , മാലദ്വീപ് പഴയതു പോലെ പരസ്പര ബഹുമാനത്തോടെ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത് -മൂസ സമീർ പറഞ്ഞു.
വിവാദ പരാമർശത്തിനു പിന്നാലെ യുവജന മന്ത്രാലയത്തിലെ മൂന്ന് ഡെപ്യൂട്ടി മന്ത്രിമാരെ മാലദ്വീപ് സസ്പെൻഡ് ചെയ്തിരുന്നു. യുവജന മന്ത്രാലയത്തിലെ ഡെപ്യൂട്ടി മന്ത്രിമാരായ മൽഷ ശരീഫ്, മറിയം ഷിയൂന, അബ്ദുല്ല മഹ്സൂം മാജിദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
അധിക്ഷേപത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും വിവാദം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഉലച്ചിലുണ്ടാക്കുകയും മാലദ്വീപിനെ ബഹിഷ്കരിക്കാൻ ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സെലിബ്രിറ്റികൾ സമൂഹ മാധ്യമ കാമ്പയിൻ തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് ദ്വീപ് രാജ്യത്തിന്റെ നടപടി.
ലക്ഷദ്വീപ് സന്ദര്‍ശനത്തിനു പിന്നാലെ മോദി പങ്കുവെച്ച ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടർന്ന് മാലദ്വീപിന് ബദലായി ലക്ഷദ്വീപിനെ വിനോദ സഞ്ചാര കേന്ദ്രമാക്കാനാണ് മോദി ലക്ഷ്യമിടുന്നത് എന്നതരത്തിൽ ചര്‍ച്ചകളും തുടങ്ങി. ഇതിനു പിന്നാലെയാണ് മോദിയുടെ ചിത്രം പങ്കുവെച്ച് മന്ത്രി മറിയം ഷിയൂന എക്സിൽ വിവാദ പോസ്റ്റിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.