ദയവായി ഞങ്ങളുടെ ടൂറിസത്തിന്റെ ഭാഗമാകൂ; ഇന്ത്യൻ സഞ്ചാരികളോട് മാലദ്വീപ്
text_fieldsമാലെ: ടൂറിസത്തെ ആശ്രയിച്ചു കഴിയുന്ന തങ്ങളുടെ സമ്പദ്‍വ്യവസ്ഥയെ സഹായിക്കാൻ ഇന്ത്യക്കാർ അകമഴിഞ്ഞ് സംഭാവന ചെയ്യണമെന്ന് മാലദ്വീപ് മന്ത്രി. ലക്ഷദ്വീപ് വിഷയത്തിൽ ഇന്ത്യയുമായുള്ള ബന്ധം വഷളായതിനു പിന്നാലെ മാലദ്വീപിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ എണ്ണം വൻതോതിൽ കുറഞ്ഞിരുന്നു. ഇന്ത്യയുമായുള്ള ബന്ധം പൂർവ സ്ഥിതിയിലാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസൽ ആണ് സംസാരിച്ചത്.
''ഞങ്ങൾക്ക് ഒരു ചരിത്രമുണ്ട്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഇന്ത്യയുമായി ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ എല്ലായ്പ്പോഴും സമാധാനത്തിനും സൗഹാർദ അന്തരീക്ഷത്തിനും പ്രാധാന്യം നൽകുന്നു. മാലദ്വീപ് ജനതയും സർക്കാരും ഇന്ത്യക്കാരുടെ വരവിനായി കാത്തിരിക്കുകയാണ്. ടൂറിസം മന്ത്രിയെന്ന നിലയിൽ ഇന്ത്യക്കാരോട് സഹകരിക്കണമെന്നാണ് പറയാനുള്ളത്. കാരണം ഞങ്ങളുടെ രാജ്യം ആശ്രയിക്കുന്നത് ടൂറിസത്തെയാണ്.''-എന്നാണ് മന്ത്രി പറഞ്ഞത്.
2,09,198 ലക്ഷം ഇന്ത്യക്കാരാണ് കഴിഞ്ഞ വര്‍ഷം മാലദ്വീപ് സന്ദര്‍ശിച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായി മാലദ്വീപ് മാറിയിരുന്നുവെന്നും വിമാനയാത്രക്കാരുടെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും കൂടുതൽ മാലദ്വീപിലെത്തുന്നത് ബോളിവുഡ് സെലിബ്രിറ്റികളാണ്.
ജനുവരി ആറിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനു പിന്നാലെയാണ് മാലദ്വീപ് മന്ത്രി സാമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടത്. പ്രധാനമന്ത്രിക്കെതിരായി മാലദ്വീപിലെ ചില മന്ത്രിമാര്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി. മറ്റു മാലദ്വീപ് മന്ത്രിമാരും സാമൂഹിക മാധ്യമം വഴി മോദിക്കെതിരെ പരാമർശം നടത്തി. സംഭവം വിവാദമായതോടെ ഇവരെ മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തു.
വിവാദങ്ങൾക്കു പിന്നാലെ സെലിബ്രിറ്റികളുൾപ്പെടെയുള്ള ഇന്ത്യക്കാർ മാലദ്വീപിലേക്ക് സന്ദർശനം റദ്ദാക്കി. ഇത് വലിയ രീതിയിൽ ദ്വീപ് രാഷ്ട്രത്തിന്റെ സാമ്പത്തിക വളർച്ചക്ക് തിരിച്ചടിയായി.
ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച് ഈ വർഷം മേയ് നാലുവരെ ഇന്ത്യയിൽ നിന്ന് 43,991 ടൂറിസ്റ്റുകളാണ് മാലദ്വീപിലെത്തിയത്. കഴിഞ്ഞ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ മാത്രം 73,785 ഇന്ത്യൻ സഞ്ചാരികൾ മാലദ്വീപിലെത്തിയിരുന്നു. കഴിഞ്ഞ നവംബറിൽ ചൈനയോട് ആഭിമുഖ്യമുള്ള മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റായി അധികാരമേറ്റതോടെയാണ് ഇന്ത്യയുമായുള്ള ബന്ധം ശിഥിലമാകാൻ തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.