ഭീമൻ വളർത്തുപാമ്പ് കഴുത്തു വരിഞ്ഞുമുറുക്കി; വേർപെടുത്തിയത് വെടിവെച്ചുകൊന്നശേഷം, എന്നിട്ടും എലിയറ്റിന്റെ ജീവൻ രക്ഷിക്കാനായില്ല
text_fieldsന്യൂയോർക്ക്: വീട്ടിൽ പോറ്റി വളർത്തിയ 18 അടി നീളമുള്ള പാമ്പ് 27കാരന്റെ ജീവനെടുത്തു. പെരുമ്പാമ്പ് വർഗത്തിൽപെട്ട ബോവ കോൺസ്ട്രിക്ടർ എന്ന പാമ്പാണ് വീട്ടുടമയെ കഴുത്തിൽ ചുറ്റിവരിഞ്ഞ് മരണത്തിലേക്ക് തള്ളിവിട്ടത്.
എലിയറ്റ് സെൻസ്മാൻ എന്ന യുവാവിനാണ് പോറ്റി വളർത്തിയ പാമ്പിനാൽ മരണം വരിക്കേണ്ടിവന്നത്. പാമ്പ് കഴുത്തിൽ ചുറ്റി വരിഞ്ഞതോടെ ഗുരുതരാവസ്ഥയിൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പാമ്പിനെ അതിവിദഗ്ധമായി തലയിൽ വെടിവെച്ച് കൊന്ന ശേഷമാണ് യുവാവിന്റെ ദേഹത്തുനിന്ന് വേർപെടുത്തിയത്. നാലു ദിവസം അപ്പർ മകുംഗീ ടൗൺഷിപ്പിലെ ലെഹൈ വാലി ഹോസ്പിറ്റലിൽ മരണത്തോട് മല്ലടിച്ചശേഷമാണ് എലിയറ്റ് മരിച്ചത്.
പാമ്പ് കഴുത്തിൽ ചുറ്റിയതിനാൽ എലിയറ്റ് അതീവ ഗുരുതരാവസ്ഥയിലാണെമുള്ള സന്ദേശമാണ് അധികൃതർക്ക് ലഭിച്ചത്. ഓഫിസർമാർ സ്ഥലത്തെത്തിയപ്പോൾ കഴുത്തിൽ ഭീമാകാരനായ പാമ്പ് വരിഞ്ഞുമുറുക്കിയ നിലയിൽ ചലനമറ്റുകിടക്കുന്ന യുവാവിനെയാണ് കണ്ടത്. തുടർന്ന് പാമ്പിന്റെ തലയിൽ വെടിവെച്ചു കൊന്നശേഷം യുവാവിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മൂന്നു പാമ്പുകളെ അപകട സമയത്ത് എലിയറ്റിന്റെ വീട്ടിൽ വളർത്തുന്നുണ്ടായിരുന്നു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനായിരുന്നു എലിയറ്റ് എന്ന് ബന്ധുക്കൾ പറഞ്ഞു. മൂന്നു പാമ്പുകളിൽ ആക്രമണ സ്വഭാവം കൂടുതലുള്ള പാമ്പാണ് എലിയറ്റിന്റെ കഴുത്തിൽ വരിഞ്ഞു മുറുക്കിയതെന്നും അവർ വിശദീകരിച്ചു. പാമ്പിനെ കൊന്ന് എലിയറ്റിനെ ആശുപത്രിയിലെത്തിച്ചത് വൻ വാർത്തയായെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.