യുവാവിന്റെ കറക്കം ജീവനുള്ള മുതലയുമായി; കാർ പരിശോധിച്ച പൊലീസുകാർ അമ്പരന്നു
text_fieldsകാലിഫോർണിയ: മുതലക്കുഞ്ഞുമായി കാറിൽ കറങ്ങിയ കുറ്റവാളി പിടിയിൽ. അമേരിക്കയിലെ നോർത്ത് കാലിഫോർണിയ, ആൻഡേഴ്സനിലാണ് യുവാവ് ജീവനുള്ള മുതലയുമായി കാറിൽ സഞ്ചരിച്ചത്. വാഹനത്തിന്റെ പാസഞ്ചർ സീറ്റിന് താഴെയായാണ് മുതലക്കുഞ്ഞിനെ സൂക്ഷിച്ചിരുന്നത്. ടൈലർ വാട്സൺ എന്ന 29 കാരനാണ് പിടിയിലായത്.
ഏതോ കേസിൽപ്പെട്ട് അകത്തായ ശേഷം ശിക്ഷാ ഇളവ് ലഭിച്ച് പ്രബേഷനിൽ പുറത്തിറങ്ങിയ ആളായിരുന്നു ടൈലർ വാട്സൺ. പ്രബേഷൻ വ്യവസ്ഥ ലംഘിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്യാനായി എത്തിയപ്പോഴാണ് പൊലീസ് കാറിൽ ചീങ്കണ്ണിയെ കണ്ടെത്തിയത്. കാറിൽ സഞ്ചരിച്ചിരുന്ന ഇയാളെ വഴിയിൽ തടഞ്ഞായിരുന്നു അറസ്റ്റ്. പിടിയിലായ ശേഷം ഇയാൾ തന്നെയാണ് വാഹനത്തിൽ മുതലക്കുഞ്ഞ് ഉണ്ടെന്ന കാര്യം പൊലീസിനൊട് പറഞ്ഞത്. തുടർന്ന് കാലിഫോർണിയയിൽ നിന്നുള്ള അനിമൽ കൺട്രോൾ ഓഫീസർമാർ എത്തിയാണ് മുതലയെ പിടിച്ചെടുത്തത്.
'ഉദ്യോഗസ്ഥർ വാഹനം പരിശോധിച്ചപ്പോഴാണ് യഥാർത്ഥത്തിൽ ഒരു മുതല അവിടെ ഉണ്ടെന്ന് കണ്ടെത്തിയത്. അനിമൽ കൺട്രോൾ ഓഫീസർമാരും കാലിഫോർണിയ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്‌മെന്റിലെ വാർഡനും സംഭവസ്ഥലത്തെത്തി മുതലയെ പിടിച്ചെടുക്കുകയായിരുന്നു'-പെലീസ് ഔദ്യോഗിക എഫ്.ബി അകൗണ്ടിൽ കുറിച്ചു.
പാസഞ്ചർ സീറ്റിന് അടിയിലാണ് മുതലയെ കണ്ടെത്തിയത്. അതിന്റെ വായ കറുത്ത ടേപ്പ് കൊണ്ട് കെട്ടിയിരുന്നു. ചുറ്റും പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണ പൊതികളും ഉണ്ടായിരുന്നു.
ഭാഗ്യവശാൽ അതൊരു കുഞ്ഞ് മുതലയായിരുന്നു. അത് ആർക്കും ഭീഷണിയായിരുന്നില്ല. ഓൺലൈനിൽ പങ്കുവെച്ച ചില ഫോട്ടോകളിൽ, ഉദ്യോഗസ്ഥർ മുതലയെ കയ്യിലെടുത്ത് നിൽക്കുന്നതും കാണാം. തന്റെ സുഹൃത്തിന്റെ മുതലയാണത് എന്നാണ് പ്രതി വാട്‌സൺ പറയുന്നത്. സുഹൃത്ത് ഒരാഴ്ച മുമ്പ് ഏതോ കുറ്റകൃത്യത്തിന് അറസ്റ്റിലായതോടെയാണ് മുതല ഇയാളുടെ കയ്യിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.