മത്തങ്ങ കൊണ്ടൊരു തോണിയുണ്ടാക്കി, തുഴഞ്ഞത് 73 കിലോമീറ്റർ; തേടിയെത്തിയത് ഗിന്നസ് റെക്കോഡ്
text_fieldsവാഷിങ്ടൺ ഡി.സി: മത്തങ്ങയുടെ ഉപയോഗമെന്താണ്? ഭക്ഷണത്തിനും മരുന്ന് ഉണ്ടാക്കാനും ഉപയോഗിക്കാമെന്ന് മാത്രമാണെങ്കിൽ തെറ്റി. മത്തങ്ങ കൊണ്ട് തോണിയുമുണ്ടാക്കാം. അങ്ങനെയുണ്ടാക്കിയൊരു മത്തങ്ങാത്തോണിയിൽ 73 കിലോമീറ്റർ തുഴഞ്ഞ് റെക്കോഡിട്ടിരിക്കുകയാണ് അമേരിക്കക്കാരനായ ഗാരി ക്രിസ്റ്റെൻസൻ.
ഭീമൻ മത്തങ്ങകൾ വളർത്തിയെടുക്കുന്നതിൽ അതീവ താൽപര്യം കാണിച്ചിരുന്നയാളാണ് ഗാരി ക്രിസ്റ്റെൻസൻ. 2011ലും 2013ലും കൂറ്റൻ മത്തങ്ങകൾ വളർത്തി ക്രിസ്റ്റെൻസൻ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. തോണിയുണ്ടാക്കാൻ മാത്രം വലിപ്പത്തിലൊരു മത്തങ്ങ വളർത്തുകയെന്നത് പിന്നീട് ഇദ്ദേഹത്തിന്‍റെ സ്വപ്നമായി.
ഒറിഗോണിലെ ഹാപ്പി വാലിക്കാരനായ ക്രിസ്റ്റെൻസൻ ഈ വർഷമാണ് തന്‍റെ ആഗ്രഹം പോലെയൊരു മത്തങ്ങ വളർത്തിയെടുത്തത്. ജൂലൈ 14ന് പൂവിട്ട മത്തങ്ങ വിളവെടുത്തത് ഒക്ടോബർ നാലിനാണ്. 555.2 കിലോഗ്രാമായിരുന്നു ഇതിന്‍റെ ഭാരം. 429.26 സെന്‍റിമീറ്റർ ചുറ്റളവുമുണ്ടായിരുന്നു.
ഒക്ടോബർ 11ന് ക്രിസ്റ്റെൻസൻ മത്തങ്ങയുടെ ഉൾവശം തുരന്ന് തോണിയുടെ രൂപത്തിലാക്കി. ഒരാൾക്ക് അകത്ത് സുഖമായി ഇരിക്കാവുന്ന വലിപ്പമുണ്ടായിരുന്നു. 'പംകി ലോഫ്സ്റ്റർ' എന്നായിരുന്നു തന്‍റെ മത്തങ്ങാത്തോണിക്ക് ഇദ്ദേഹം പേരിട്ടത്. തോണിയിൽ ഒരു കാമറയും ഘടിപ്പിച്ച് 46കാരൻ റെക്കോഡ് യാത്രക്കിറങ്ങി.
ഹാമിൽട്ടൺ ദ്വീപിലേക്ക് മത്തങ്ങാത്തോണി ട്രെയിലറിലെത്തിച്ച ശേഷം കൊളംബിയ നദിയിലാണ് ഇത് വെള്ളത്തിലിറക്കിയത്. മൂന്ന് ഘട്ടമായാണ് ക്രിസ്റ്റെൻസൻ യാത്ര പൂർത്തിയാക്കിയത്. 63 കിലോമീറ്ററായിരുന്നു മത്തങ്ങാത്തോണിയിൽ ഇതുവരെ ഏറ്റവും ദൂരം തുഴഞ്ഞതിനുള്ള റെക്കോഡ്. ഇത് മറികടന്ന ഇദ്ദേഹം 73 കിലോമീറ്റർ പൂർത്തിയാക്കി.
വിചാരിച്ചത്ര എളുപ്പമായിരുന്നില്ല യാത്ര. ശക്തമായ ഒഴുക്കും കാറ്റും പ്രതിസന്ധിയായി. അതെല്ലാം മറികടന്ന് യാത്ര പൂർത്തിയാക്കി. ഇത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. തുടർന്ന് ഗിന്നസ് അധികൃതർ ഗാരി ക്രിസ്റ്റെൻസന്‍റെ യാത്രയുടെ വിശദാംശങ്ങൾ പരിശോധിക്കുകയും റെക്കോഡിൽ പേരു ചേർക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.