ഹംഗറിയിൽ ഒരു 'സുകുമാരക്കുറുപ്പ്'; തട്ടാൻ ശ്രമിച്ചത് 24 കോടി, ഒടുവിൽ എത്തിയത് ജയിലിൽ, രണ്ട് കാലുകളും നഷ്ടമായി
text_fieldsബുഡാപെസ്റ്റ്: ഇൻഷുറൻസ് തുക തട്ടാനായി കൊലപാതകം തന്നെ നടത്തി മുങ്ങിയ സുകുമാരക്കുറുപ്പിന്‍റെ കഥ കേരളം മുഴുവൻ ഇപ്പോൾ വീണ്ടും ഓർക്കുകയാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ 'കുറുപ്പ്' സിനിമ തിയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരവേ, യൂറോപ്യൻ രാജ്യമായ ഹംഗറിയിൽ നിന്ന് കുറുപ്പിന്‍റെ കഥയ്ക്ക് സമാനമായ മറ്റൊരു സംഭവം. പക്ഷേ ഒരു വ്യത്യാസമുണ്ട്, സുകുമാരക്കുറുപ്പിനെ പിടികൂടാൻ കേരള പൊലീസിനെ കഴിഞ്ഞിട്ടില്ലായെന്നിരിക്കെ, ഹംഗറിയിലെ 'കുറുപ്പിന്‍റെ' തട്ടിപ്പ് പൊളിഞ്ഞ് രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. മാത്രമല്ല രണ്ട് കാലും നഷ്ടമായി വീൽചെയറിൽ ശിഷ്ടകാലം കഴിയുകയും വേണം.
24 കോടിയുടെ (2.4 ദശലക്ഷം പൗണ്ട്) ഇൻഷുറൻസ് തട്ടാനായാണ് 54കാരനായ സാൻഡോർ എന്നയാൾ അതിസാഹസത്തിന് മുതിർന്നത്. 2014ലായിരുന്നു സംഭവം. ട്രെയിൻ വരുന്നതിനിടെ റെയിൽപാളത്തിൽ കാലുകൾ നീട്ടി കിടക്കുകയാണ് ഇയാൾ ചെയ്തത്. രണ്ടുകാലും മുറിച്ചുകൊണ്ട് ട്രെയിൻ കടന്നുപോയി.
സാധാരണ അപകടമാണെന്നായിരുന്നു ഏവരും കരുതിയത്. ഗുരുതര പരിക്കേറ്റ സാൻഡോറിനെ ഉടൻ ആശുപത്രിയിലെത്തിക്കുകയും ജീവൻ രക്ഷിക്കുകയും ചെയ്തു. കാലുകൾ നഷ്ടമായതിനെ തുടർന്ന് കൃത്രിമ കാലുമായി വീൽചെയറിലാണ് ഇയാൾ ആശുപത്രി വിട്ടത്.
ഇതിന് പിന്നാലെ സാൻഡോർ തന്‍റെ അപകട ഇൻഷുറൻസ് തുകക്കായി സ്ഥാപനങ്ങളെ സമീപിച്ചതോടെയാണ് പലർക്കും സംശയം ഉയർന്നത്. കാരണം, അപകടം നടന്നതിന്‍റെ തൊട്ടു മുമ്പുള്ള വർഷം വൻ തുകയുടെ 14 ഇൻഷുറൻസ് പോളിസിയാണ് ഇയാൾ എടുത്തിരുന്നത്. കോടികൾ മൂല്യമുള്ളതായിരുന്നു ഇവ.
അപകടത്തിന് പിന്നാലെ സാൻഡോറിന്‍റെ ഭാര്യ ഇൻഷുറൻസ് കമ്പനികളെ സമീപിച്ച് തുക ലഭ്യമാക്കാൻ ആവശ്യപ്പെട്ടെങ്കിലും കമ്പനികൾ തയാറായില്ല. ഇതോടെ സംഭവം കോടതിയിലെത്തുകയായിരുന്നു.
സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനെക്കാൾ നല്ലത് ഇൻഷുറൻസ് പോളിസിയാണെന്ന് വിദഗ്ധോപദേശം ലഭിച്ചിട്ടാണ് താൻ പോളിസികൾ എടുത്തത് എന്നായിരുന്നു സാൻഡോറിന്‍റെ വാദം. എന്നാൽ, വിശദമായ അന്വേഷണത്തിൽ സാൻഡോർ പോളിസികൾ എടുത്തതിന് ശേഷം മന:പൂർവം അപകടം വരുത്തിയതാണെന്ന് വ്യക്തമായി. തുടർന്ന് കോടതി രണ്ട് വർഷത്തെ തടവിനും 4725 പൗണ്ട് (4.7 ലക്ഷം രൂപ) കോടതി ചെലവായി അടക്കാനും വിധിക്കുകയായിരുന്നു. സംഭവം നടന്ന് ഏഴ് വർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.