ബെർത്ത് ഡെ ഗിഫ്റ്റ് മോഹിച്ച് യുവാവ് കാമുകിമാരാക്കിയത് 35പേരെ; ഓരോരുത്തരോടും പറഞ്ഞത് വ്യത്യസ്ത തീയതികൾ
text_fieldsവിചിത്രമായൊരു തട്ടിപ്പ് വാർത്തയാണ് ജപ്പാനിൽ നിന്ന് പുറത്തുവരുന്നത്. 39 കാരനായ തകാഷി മിയാഗാവയാണ് തട്ടിപ്പ് നടത്തിയത്. ഇയാൾ ഒരേസമയം 35 സ്ത്രീകളുമായി ബന്ധം സൂക്ഷിച്ചതായും അവരോടെല്ലാം വ്യത്യസ്ത ജന്മദിന തീയതികൾ പറഞ്ഞ് തട്ടിപ്പ് നടത്തിയതായും പൊലീസ് പറയുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജപ്പാനിലെ തെക്കൻ പ്രദേശമായ കൻസായി മേഖലയിൽ നിന്നുള്ള പാർട്ട് ടൈം ജോലിക്കാരനാണ് തകാഷി മിയാഗാവ. ബന്ധമുള്ള സ്ത്രീകളോടെല്ലാം വ്യത്യസ്ത ജന്മദിന തീയതികൾ പറഞ്ഞ് സമ്മാനങ്ങൾ വാങ്ങുകയായിരുന്നു ഇയാളുടെ രീതി.
തന്‍റെ ജന്മദിനം ഫെബ്രുവരി 22 നാണെന്നാണ് 47 കാരിയായ ഒരു കാമുകിയോട് ഇയാൾ പറഞ്ഞിരുന്നത്. 40 കാരിയായ മറ്റൊരു സ്ത്രീയോട് തന്‍റെ ജന്മദിനം ജൂലൈയിലാണെന്നും വേറൊരാളോട് ഏപ്രിലിലാണെന്നും ഇയാൾ പറഞ്ഞതായും പൊലീസ് പറയുന്നു. യഥാർഥത്തിൽ തകാഷിയുടെ ജന്മദിനം നവംബർ 14 നാണെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ജാപ്പനീസ് വാർത്താ സൈറ്റായ സോറ ന്യൂസ് 24 പ്രകാരം 35 സ്ത്രീകൾ മിയാഗാവയ്ക്ക് ഇരയായി. ഇവരുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു. ഒരു ലക്ഷം ജാപ്പനീസ് യെൻ, വിലപിടിപ്പുള്ള സമ്മാനങ്ങൾ, വസ്ത്രങ്ങൾ, പണം എന്നിവയെല്ലാം ഇയാൾ സ്ത്രീകളിൽ നിന്ന് വാങ്ങിയിരുന്നു.
മാർക്കറ്റിങ് കമ്പനിയിൽ ജോലി ചെയ്യുന്നതിനിടയിലാണ് തകാഷി സ്ത്രീകളെയെല്ലാം പരിചയപ്പെട്ടത്. ഹൈഡ്രജൻ വാട്ടർ ഷവർ ഹെഡുകളും മറ്റ് ഉൽപ്പന്നങ്ങളും വിൽക്കുന്ന ജോലിയായിരുന്നു തകാഷിക്ക്. അവിവാഹിതരായ സ്ത്രീകളെ പ്രത്യേകം ലക്ഷ്യമിട്ടിരുന്ന ഇയാൾ വിവാഹ വാഗ്ദാനം നൽകി കബളിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒടുവിൽ സ്ത്രീകൾ ചേർന്ന് ഫെബ്രുവരിയിൽ പോലീസിൽ പരാതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.