കോവിഡ് വാക്സിനേഷന്‍റെ വ്യാജ പാസുകൾ വിൽക്കാന്‍ വേണ്ടി ജർമനിയിൽ ഒരാൾ 90 തവണ വാക്സിൻ സ്വീകരിച്ചതായി റിപ്പോർട്ട്
text_fieldsബെർലിൻ: കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ താൽപര്യമില്ലാത്തവർക്ക് വേണ്ടി വാക്സിനേഷന്‍ പാസുകൾ നൽകാനായി 60 കാരന്‍ 90 തവണ വാക്സിനുകൾ സ്വീകരിച്ചതായി റിപ്പോർട്ട്. കിഴക്കൻ ജർമ്മന്‍ നഗരമായ മാഗ്ഡെബർഗിൽ നിന്നുള്ള ഇയാളുടെ മറ്റ് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
സാക്‌സോണിയിലെ എയ്‌ലൻബർഗിലുള്ള ഒരു വാക്‌സിനേഷൻ സെന്ററിൽ തുടർച്ചയായി രണ്ടാംദിവസവും കോവിഡ് വാക്സിനേഷന്‍ സ്വീകരിക്കാന്‍ വരുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലാകുന്നത്. ഇയാളിൽ നിന്ന് നിരവധി വാക്സിനേഷന്‍ കാർഡുകൾ പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. വാക്സിനേഷൻ കാർഡുകൾ അനധികൃതമായി നൽകിയതിനും വ്യാജരേഖ ചമച്ചതിനും കേസിൽ അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
വ്യത്യസ്ത ബ്രാന്‍ഡുകളിലുള്ള കോവിഡ് വാക്സിനുകൾ സ്വീകരിച്ച ഇയാളുടെ ആരോഗ്യത്തിൽ എന്ത് മാറ്റമാണ് വന്നിട്ടുള്ളതെന്ന് ഇതുവരെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ മാസങ്ങളിൽ വ്യാജ വാക്സിനേഷന്‍ പാസ്പോർട്ടുകൾ നിർമ്മിച്ചത് സംബന്ധിച്ച് ജർമനിയിൽ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജർമനിയിൽ ഇപ്പോഴും നിരവധി പേർ കോവിഡ് വാക്സിനെടുക്കുന്നതിന് എതിരാണ്. അതേസമയം രാജ്യത്തെ റെസ്റ്റോറന്‍റുകൾ, തിയേറ്ററുകൾ, നീന്തൽക്കുളങ്ങൾ, ജോലിസ്ഥലങ്ങൾ എന്നീ സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് വാക്സിനേഷന്‍ പാസ് നിർബന്ധവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.