ഇസ്‍ലാമോഫോബിയ: മുസ്‍ലിം യുവാവിനെ വെടിവെച്ചുകൊന്ന യു.എസ് സൈനികന് 55 വർഷം തടവ് ശിക്ഷ
text_fieldsഇൻഡ്യാനപൊളിസ്: മുസ്‍ലിം യുവാവിനെ മതപരമായും വംശീയമായും അധിക്ഷേപിച്ച് വെടിവെച്ചുകൊന്ന കേസിൽ അമേരിക്കയിൽ മുൻസൈനികന് 55 വർഷം തടവുശിക്ഷ. അഫ്ഗാൻ-അമേരിക്കൻ വംശജനായ മുസ്തഫ അയ്യൂബി എന്ന 32കാരനെ ഇൻഡ്യാനപൊളിസിൽ റോഡരികിൽ വച്ച് വെടിവെച്ച് കൊന്ന ഡസ്റ്റിൻ പാസറെല്ലിയെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2019ൽ നടന്ന കുറ്റകൃത്യത്തിൽ നാല് വർഷത്തിന് ശേഷമാണ് വിധി വരുന്നത്.
വെടിയുതിർക്കുന്നതിന് മുമ്പ് അയ്യൂബിക്ക് നേരെ പാസറെല്ലി തുടർച്ചയായി ഇസ്‌ലാമോഫോബിക് അധിക്ഷേപം നടത്തുകയും നിന്റെ നാടായ അഫ്ഗാനിലേക്ക് മടങ്ങിപ്പോകൂ എന്ന് ആക്രോശിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികൾ കോടതിയിൽ പറഞ്ഞു.
അതേസമയം, അയ്യൂബി തന്റെ കാറിന്റെ ചില്ലുകൾ അടിച്ചുതകർത്താൻ ശ്രമിച്ചതിനെ തുടർന്ന് സ്വയം പ്രതിരോധത്തിനായി വെടിവെച്ചതാണെന്നായിരുന്നു പാസറെല്ലിയുടെ ആരോപണം. എന്നാൽ, പാസറെല്ലിയുടെ കാറിന് കേടുപാടുകൾ സംഭവിച്ചതിന് തെളിവുകളൊന്നും പൊലീസിന് കണ്ടെത്താനായില്ല. അയ്യൂബിയുടെ ശരീരത്തിൽ പിന്നിൽനിന്ന് ഏഴുതവണയും മുന്നിൽ തോളെല്ലിന് ഒരുതവണയും വെടിയേറ്റതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.
അഫ്ഗാനിസ്ഥാനിൽ നിന്ന് അഭയാർത്ഥിയായാണ് അയ്യൂബിയും കുടുംബവും അമേരിക്കയിൽ എത്തിയത്. കോടതിവിധിയിൽ സന്തോഷമുണ്ടെന്ന് അയ്യൂബിയുടെ സഹോദരി സഹ്‌റ പറഞ്ഞു. ‘ദയാവാനും കരുതലുള്ളവനും മിടുക്കനുമായിരുന്നു അയ്യൂബി. മാതാവിന്റെ ആശ്രയമായിരുന്നു’ -സഹ്‌റ അൽ ജസീറയോട് പറഞ്ഞു. അതേസമയം, 2022ൽ ഇസ്‍ലാമോഫോബിയ വിദ്വേഷകുറ്റകൃത്യങ്ങൾ സംബന്ധിച്ച് 5,156 പരാതികൾ ലഭിച്ചതായി യുഎസിലെ മുസ്‍ലിം പൗരാവകാശ സംഘടനയായ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസ് (സിഎഐആർ) പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.