‘ഒരു ഫേസ്ബുക്ക് ലൈക്കിന് 17 രൂപ!’; പിറന്നാൾ ദിനത്തിൽ ഭാര്യക്ക് നൽകിയ ‘ഓഫറി’ൽ പണികിട്ടി ഭർത്താവ്...
text_fieldsക്വാലാലംപൂർ: ഭാര്യയുടെ പിറന്നാൾ ദിനത്തിൽ ഭർത്താവ് നൽകിയത് അപൂർവമായൊരു വാഗ്ദാനം. ഇന്റർനെറ്റിന്റെ ‘കരുത്തിനെ’ വിലകുറച്ചുകണ്ട് മോഹനവാഗ്ദാനം നൽകിയ ഭർത്താവിന് കിട്ടിയത് പക്ഷേ എട്ടിന്റെ പണി! പിറന്നാൾ ദിനത്തിൽ ഭാര്യക്ക് ആശംസ നേർന്നുള്ള ഫേസ്ബുക് പോസ്റ്റിന് ലഭിക്കുന്ന ഓരോ ലൈക്കിനും ഒരു മലേഷ്യൻ റിങ്കിറ്റ് (17.64 രൂപ) വീതം നൽകുമെന്നായിരുന്നു ഭർത്താവിന്റെ പ്രഖ്യാപനം.
അബ്ദി അൽസഗോഫ് എന്ന മലേഷ്യൻ യുവാവാണ് ഭാര്യക്ക് വേറിട്ട പിറന്നാൾ സമ്മാനം പ്രഖ്യാപിച്ചത്. ഫേസ്ബുക് ലൈക്കിന് പണം നൽകുന്ന കാര്യം സമൂഹ മാധ്യമങ്ങളിലൂടെ ഭർത്താവ് പ്രഖ്യാപിക്കുകയും ചെയ്തു. വലിയ റീച്ചൊന്നുമില്ലാത്ത തന്റെ പോസ്റ്റിന് കൂടുതൽ ലൈക്കൊന്നും കിട്ടാനിടയില്ലെന്ന് അൽസഗോഫ് കരുതിയിരിക്കണം.
എന്നാൽ, ആ കണക്കുകൂട്ടലെല്ലാം അമ്പേ തെറ്റി. സമൂഹ മാധ്യമങ്ങളിലെ വിരുതന്മാർ അൽസഗോഫിന്റെ പോസ്റ്റ് ഷെയർ ചെയ്ത് വൈറലാക്കി. ഇതോടെ സംഗതി പിടിവിട്ടു പറന്നു. മണിക്കൂറുകൾക്കകം 14000 ലൈക്കാണ് ഈ പോസ്റ്റിന് ലഭിച്ചത്. 14000ൽ എത്തിയ ഉടനെ റിയാക്ഷൻ ഫങ്ഷൻ ഓഫാക്കുകയാണ് അൽസഗോഫ് ആദ്യം ചെയ്തത്. പിന്നീട് പോസ്റ്റിന് ആർക്കും ലൈക്ക് അടിക്കാനാവാതെ പോയി. എങ്കിലും ഏകദേശം രണ്ടര ലക്ഷം രൂപ ഈ 14000 ലൈക്കിന് അൽസഗോഫ് ഭാര്യക്ക് നൽകേണ്ടി വന്നു.
‘ആശംസകൾ 14000ലെത്തി. ഭാര്യയോടുള്ള നിങ്ങളുടെ കടം വീട്ടാൻ ഒരിക്കലും മറക്കരുത്. പോസ്റ്റ് വൈറലാകുന്നതിന്റെ പരിണിത ഫലമാണിത്’ -അൽസഗോഫ് പ്രതികരിച്ചു. ‘14000ന് അഭിവാദ്യങ്ങൾ. സ്ത്രീകൾ പണസംബന്ധമായ വിഷയം വളരെ ഗൗരവമായി എടുക്കുന്നുണ്ടെന്ന കാര്യം പുരുഷന്മാർ മറക്കാതിരിക്കുന്നത് നല്ലതാണ്’ -ഭാര്യയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘ഒരിക്കലും ഇന്റർനെറ്റിന്റെ കരുത്ത് വില കുറച്ച് കാണരുത്’ -പോസ്റ്റിനടിയിലെ കമന്റുകളിലൊന്നിനും ഏറെ ലൈക്ക് കിട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.