അരനൂറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്
text_fieldsന്യൂയോർക്: അരനൂറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിൽ കാലുകുത്താൻ ഒരുങ്ങുന്നു. 2025ൽ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനാണ് നാസ പദ്ധതി തയാറാക്കിയത്. ആർട്ടിമിസ് പദ്ധതിയിലെ യാത്രാപേടകമായ ഒറിയോണിനെ വഹിക്കുന്ന പരീക്ഷണ വിക്ഷേപണം (ആർട്ടിമിസ് 1) ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ വിജയകരമായി നടന്നു. 410 കോടി യു.എസ് ഡോളറാണ് ഇതിനായി ചെലവഴിച്ചത്.
ബഹിരാകാശ യാത്രികർക്ക് ചന്ദ്രനിലെ സാഹചര്യങ്ങൾ അനുയോജ്യമാണോ എന്ന് പരിശോധിക്കുക, പേടകത്തിനുള്ളിലെ ചലനവും അണുവികിരണ തോതും മനസ്സിലാക്കുക എന്നിവയാണ് ആർട്ടിമിസ് ഒന്നിന്റെ ലക്ഷ്യം. 98 മീറ്റർ നീളവും 46 ടൺ ഭാരവുമുള്ള എസ്.എൽ.എസ് റോക്കറ്റിലേറി പറന്നുയർന്ന 7700 കിലോ ഭാരമുള്ള ഒറിയോൺ പേടകം തിങ്കളാഴ്ചയോടെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചേക്കും. 21 ദിവസം ഒറിയോൺ ചന്ദ്രനെ ചുറ്റും.
ദൗത്യം പൂർത്തിയാക്കി ഡിസംബർ 11ന് ശാന്തസമുദ്രത്തിൽ പതിക്കും. മനുഷ്യർക്ക് പകരമായ മൂന്ന് ബൊമ്മകളെയാണ് ബുധനാഴ്ച ഒറിയോൺ പേടകം കൊണ്ടുപോയത്. ഇവയുടെ സ്പേസ് സ്യൂട്ട് തിരിച്ചെത്തിയ ശേഷം പരിശോധിക്കും.
പരീക്ഷണ ഘട്ടം വിജയമായാൽ 2024ൽ ആർട്ടിമിസ് 2 ദൗത്യത്തിൽ നാലുപേരടങ്ങിയ യാത്രാസംഘത്തെ അയക്കും. ഈ ദൗത്യത്തിൽ ചന്ദ്രനെ ഭ്രമണം ചെയ്യും. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ ദൂരം യാത്ര ചെയ്തവരായി ഇതിലെ യാത്രികർ മാറും.
2025ൽ നടത്തുന്ന ആർട്ടിമിസ് 3 ദൗത്യത്തിലാണ് മനുഷ്യൻ ചന്ദ്രനിലിറങ്ങുക. ചന്ദ്രനിലെത്തുന്ന ആദ്യ വനിതയും സംഘത്തിലുണ്ടാകും. ഒറിയോൺ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുകയും ഭ്രമണം തുടരുകയും ചെയ്യും. ഇതിൽനിന്ന് സ്പേസ് എക്സ് നിർമിച്ച പ്രത്യേക ലാൻഡറിലാണ് രണ്ട് യാത്രികർ ചന്ദ്രനിൽ ഇറങ്ങുക.
ഒരാഴ്ചത്തെ പരീക്ഷണത്തിന് ശേഷം തിരികെ ഒറിയോണിലെത്തി ഭൂമിയിലേക്ക് തിരിക്കും. മൂന്ന് ഘട്ടമുള്ള ആർട്ടിമിസ് ദൗത്യത്തിനായി ആകെ 9300 കോടി യു.എസ് ഡോളറാണ് ചെലവ് കണക്കാക്കുന്നത്. 13 ദൗത്യങ്ങളിലേക്ക് വരെ ആർട്ടിമിസ് നീട്ടാനും നാസക്ക് പദ്ധതിയുണ്ട്.
മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയത് 1969 ജൂലൈയിൽ നടത്തിയ അപ്പോളോ 11 ദൗത്യമായിരുന്നു. നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു യാത്രികർ. 1972ൽ നടന്ന അപ്പോളോ 17 വരെയുള്ള ദൗത്യങ്ങളിലായി 12 പേരാണ് ചന്ദ്രനിൽ എത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.