ചാറ്റ് ജി.പി.ടി ഉപയോഗിച്ച് ട്രെയിൻ അപകടം സംബന്ധിച്ച് വ്യാജ വാർത്ത സൃഷ്ടിച്ചു; യുവാവ് അറസ്റ്റിൽ
text_fieldsബെയ്ജിങ്: ചാറ്റ് ജി.പി.ടി വഴി ട്രെയിൻ അപകടം സംബന്ധിച്ച വാർത്ത സൃഷ്ടിച്ച് ഓൺലൈനുകളില പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചൈനയിലാണ് സംഭവം. ചാറ്റ് ജി.പി.ടിയെ ദുരുപയോഗം ചെയ്തതിന്റെ പേരിൽ ചൈനയിൽ നടക്കുന്ന ആദ്യ അറസ്റ്റാണിത്.
ഹോങ് എന്നയാളാണ് പ്രതി. ഗാൻസു പ്രവിശ്യയിലെ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നിർമിത ബുദ്ധി ഉപയോഗിച്ച് വ്യാജ വാർത്ത സൃഷ്ടിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
ട്രെയിൻ അപകടത്തിൽ ഒമ്പതു പേർ കൊല്ലപ്പെട്ടുവെന്ന് വാർത്തയിൽ അവകാശപ്പെട്ടിരുന്നു. വാർത്ത ആദ്യം കോങ്ടോങ് കൗണ്ടി സൈബർ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലാണ് പെട്ടത്. ബെയ്ജിയഹോ എന്ന ചൈനീസ് പ്ലാറ്റ്ഫോം വഴി 20 ഓളം അക്കൗണ്ടിലൂടെയാണ് വാർത്ത പോസ്റ്റ് ചെയ്തത്. അധികൃതരുടെ ശ്രദ്ധ പതിയുമ്പോഴേക്കും വാർത്തയിൽ 15,000 ലേറെ തവണ ക്ലിക്ക് വീണിട്ടുണ്ട്.
ഹോങ്ങിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ നിന്നാണ് വാർത്ത പുറത്തു വന്നതെന്ന് സൈബർ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്ന് ഇയാളെ അറസ്ററ് ചെയ്യുകയും വീടും കമ്പ്യൂട്ടറും പരിശോധിക്കുകയും ചെയ്തു. താനാണ് ഇത് ചെയ്തതെന്ന് ഹോങ് സമ്മതിച്ചു. ബെയ്ജിയഹോയുടെ ഡ്യൂപ്ലിക്കേഷൻ ചെക്ക് ഫങ്ഷൻ മറികടന്ന് നിരവധി അക്കൗണ്ടുകളിൽ നിന്ന് വ്യാജ വാർത്ത നിർമിച്ചതായി അദ്ദേഹം പൊലീസിനോട് സമ്മതിച്ചു. മുൻ വർഷങ്ങളിൽ വന്ന വാർത്തകളിലെ വിവരങ്ങൾ നൽകിക്കൊണ്ട് ചാറ്റ് ജി.പി.ടി ഉപയോഗിച്ച് പലതരത്തിൽ വ്യാജ വാർത്തകൾ ചമക്കുകയായിരുന്നു.
ചൈനയിൽ ചാറ്റ് ജി.പി.ടി നേരിട്ട് ഉപയോഗിക്കാനാകില്ല. വി.പി.എൻ കണക്ഷൻ വഴി ചൈനീസ് ഉപയോക്താക്കൾക്ക് ചാറ്റ് ജി.പി.ടി ഉപയോഗിക്കാവുന്നതാണ്. ചാറ്റ് ജി.പി.ടിയുടെ ചൈന വേർഷനായുള്ള പ്രവർത്തനങ്ങൾ കമ്പനികൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.