ശതകോടികളുടെ ബിറ്റ്കോയിൻ 'ശേഖരം' ചവറുകൂനയിൽ; കുഴിക്കാൻ അനുവദിച്ചാൽ 500 കോടി വാഗ്ദാനവുമായി യുവാവ്
text_fields
ലണ്ടൻ: ശതകോടികൾ മൂല്യമുള്ള 7,500 ബിറ്റ്കോയിനുകളുടെ ഡിജിറ്റൽ ശേഖരം സൂക്ഷിച്ച കമ്പ്യൂട്ടർ ഹാർഡ് ഡ്രൈവ് അശ്രദ്ധമായി ചവറുകൂനയിലെറിഞ്ഞ യുവാവിന് കിട്ടിയത് 'എട്ടിന്‍റെ പണി'. വർഷങ്ങൾക്ക് മുമ്പ് അത്ര മൂല്യമില്ലാത്ത കാലത്ത് വാങ്ങിക്കൂട്ടിയ ബിറ്റ്കോയിനുകൾ, വെയിൽസുകാരൻ ജെയിംസ് ഹോവെൽസാണ് അശ്രദ്ധമായി മുനിസിപ്പാലിറ്റി ചവറുകൂനയിൽ കളഞ്ഞത്.
2013ൽ ദൂരെകളഞ്ഞ ബിറ്റ്കോയിനുകൾക്ക് പിന്നീട് വില ആകാശത്തോളമുയർന്നപ്പോൾ അവക്കായി തിരച്ചിൽ തുടങ്ങുകയായിരുന്നു. നീണ്ട തിരച്ചിലിലും എവിടെയും ലഭിക്കാതെ വന്നതോടെ പഴക്കം ചെന്ന ഹാർഡ് ഡ്രൈവ് മറ്റു സാധനങ്ങൾക്കൊപ്പം വർഷങ്ങൾക്ക് മുമ്പ് കളഞ്ഞത് ഓർമ വന്നു.
ഇതോടെ എന്തുവില കൊടുത്തും അവ കൈക്കലാക്കാൻ ശ്രമവും തുടങ്ങി. വെയിൽസിലെ ന്യൂപോർട്ട് സിറ്റി കൗൺസിലിനു കീഴിലെ മാലിന്യക്കൂനയിൽ ഹാർഡ് ഡ്രൈവ് ഇപ്പോഴും ഇരിക്കുന്നുണ്ടാകാമെന്ന നിഗമനത്തിൽ അധികൃതരെ സമീപിച്ച ജെയിംസ് വാഗ്ദാനം ചെയ്തത് ബിറ്റ്കോയിൻ ശേഖരത്തിന്‍റെ നാലിലൊന്നാണ്. ഹാർഡ് ഡ്രൈവ് ഉണ്ടാകാൻ സാധ്യതയുള്ള ഭാഗം കുഴിക്കാൻ അനുവദിക്കണമെന്നാണ് അപേക്ഷ. 500 കോടിയിലേറെ രൂപ അതിനു മാത്രം മൂല്യംവരും.
2009ലാണ് ബിറ്റ്േകായിൻ എന്ന ഡിജിറ്റൽ കറൻസി, സതോഷി നകാമോട്ടോ എന്നുമാത്രം ലോകത്തിന് അറിയുന്നയാൾ വികസിപ്പിച്ചത്. ഓരോ വ്യക്തിയുടെയും സാങ്കേതിക ഉപകരണങ്ങളുടെ ഡിജിറ്റൽ വാലറ്റിൽ സൂക്ഷിച്ച കമ്പ്യൂട്ടർ ഫയലുകളാണ് ബിറ്റ്കോയിനുകൾ. അവ പിന്നീട് പണം കൈമാറ്റത്തിനുൾപെടെ ഉപയോഗിക്കാം.
നിലവിൽ ഒരു ബിറ്റ്കോയിൻ 37,000 ഡോളറിനാണ് വിൽപന നടക്കുന്നത്. എന്നുവെച്ചാൽ, 7500 ബിറ്റ്കോയിനുകൾക്ക് വരുന്ന മൂല്യം ഹോവൽസിന്‍റെ സ്വപ്നങ്ങൾക്കും എത്രയോ മേലെയാണ്.
തന്‍റെ ബിറ്റ്കോയിനുകൾക്ക് 90 ലക്ഷം ഡോളർ മൂല്യമുള്ള കാലത്തായിരുന്നു ഹാർഡ് ഡ്രൈവ് കാണാനില്ലെന്ന വിവരം ആദ്യമായി യുവാവ് മനസ്സിലാക്കുന്നു. നിലവിലെ മൂല്യം കണക്കാക്കിയാൽ ഇവക്ക് 273 ദശലക്ഷം ഡോളർ വരും.
2013 മുതൽ ഇയാൾ പിന്നാലെയുണ്ടെന്ന് ന്യൂപോർട്ട് സിറ്റി കൗൺസിൽ അധികൃതർ പറയുന്നു. ഒറ്റക്ക് കുഴിക്കൽ അസാധ്യമാക്കുന്നത്ര വലിയതാണ് മാലിന്യശേഖരം. അപേക്ഷ തള്ളിയിട്ടില്ലെങ്കിലും നിലവിൽ കുഴിക്കൽ അനുമതിയില്ലാത്തതാണ് ഈ സ്ഥലമെന്നാണ് അധികൃതരുടെ വിശദീകരണം. പരിസ്ഥിതി പ്രശ്നമാണ് പ്രധാന വില്ലൻ.
നിലവിലെ സാഹചര്യത്തിൽ, ഒരു നിമിഷത്തെ അശ്രദ്ധക്ക് ആയുസ്സ് മുഴുവൻ കരഞ്ഞുതീർക്കാനാകും ജെയിംസ് ഹോവൽസിന്‍റെ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.