വയറുവേദനയും മൂത്രത്തിൽ രക്തത്തിന്റെ അംശവും; പരിശോധനയിൽ 33കാരന് ഗർഭപാത്രവും അണ്ഡാശയവും കണ്ടെത്തി
text_fieldsബെയ്ജിങ്: വർഷങ്ങളായി മൂത്രത്തിൽ രക്തം കണ്ടെത്തിയതിനെ തുടർന്ന് പരിശോധന നടത്തിയ യുവാവിന്റെ ശരീരത്തിൽ ഗർഭപാത്രവും അണ്ഡാശയവും. ചൈനയിലെ സിചുവാൻ പ്രവിശ്യയിലാണ് സംഭവം. വർഷങ്ങളായി യുവാവിന് ഇടക്കിടെ വയറുവേദനയുണ്ടായിരുന്നു. കൂടാതെ മൂത്രത്തിൽ രക്തത്തിന്റെ അംശവും കണ്ടെത്തിയിരുന്നു. വയറുവേദന കലശലായതോടെ യുവാവ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് നടത്തിയ ക്രോമോസോം പരിശോധനയിൽ 33കാരൻ സ്ത്രീയാണെന്ന് തിരിച്ചറിയുകയായിരുന്നു.
നേരത്തേ, ക്രമരഹിതമായി മൂത്രം പോകുന്നതിനെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് യുവാവ് ശസ്ത്രക്രിയക്ക് വിധേയമായിരുന്നു. പിന്നീട് യുവാവിന് നിരന്തരം മൂത്രത്തിലൂടെ രക്തം പോകുകയും വയറിൽ അസ്വസ്ഥത അനുഭവപ്പെടുകയുമായിരുന്നു. തുടർച്ചയായി നാലുമണിക്കൂർ വയറുവേദന നീണ്ടുനിന്നതോടെ ഡോക്ടറെ സമീപിച്ചപ്പോൾ അപ്പന്റിസൈറ്റിസ് ആണെന്ന് പറയുകയും ചികിത്സ തേടുകയും ചെയ്തു. എന്നാൽ മരുന്ന് കഴിച്ചിട്ടും യുവാവിന് വീണ്ടും ലക്ഷണങ്ങൾ അനുഭവപ്പെടുകയായിരുന്നു.
തുടർന്നും പരിശോധനക്ക് വിധേയമായതോടെ യുവാവിന് സ്ത്രീകളുടെ ക്രോമോസോമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് വിദഗ്ധ പരിശോധനയിൽ യുവാവിന് അണ്ഡാശയവും ഗർഭാശയവും ഉണ്ടെന്നും കണ്ടെത്തി. കൂടാതെ യുവാവിൽ പുരുഷൻമാരുടെ ഹോർമോണായ ആൻഡ്രോജന്റെ അളവും വളരെ കുറവായിരുന്നു. ഇതോടെ യുവാവ് ആൺ-പെൺ പ്രത്യുൽപാദന അവയവങ്ങളോടെയാണ് ജനിച്ചതെന്ന് തിരിച്ചറിയുകയായിരുന്നു. ആർത്തവ സമയത്താണ് യുവാവിന്റെ മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുന്നതെന്നും വയറുവേദന അനുഭവപ്പെടുന്നതെന്നും ഡോക്ടർമാർ പറഞ്ഞു.
തനിക്ക് സ്ത്രീകളുടെ പ്രത്യുൽപാദന അവയവങ്ങളാണെന്ന് തിരിച്ചറിഞ്ഞതോടെ യുവാവ് അവ നീക്കം െചയ്യാനായി മൂന്നുമണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് വിധേയനാകുകയും ചെയ്തു. യുവാവിന് പുരുഷ ബീജം ഉൽപ്പാദിപ്പിക്കാൻ കഴിയില്ലെന്നും അതിനാൽ പ്രത്യുൽപാദനശേഷി ഉണ്ടാകില്ലെന്നും ഡോക്ടർ പറഞ്ഞു. കൂടാതെ ഇത്തരം സംഭവങ്ങൾ പലരിലും കൗമാരപ്രായത്തിൽ തന്നെ കണ്ടെത്താറുണ്ടെന്നും ഒരാളുടെ ശാരീരിക ആരോഗ്യത്തെക്കാൾ മാനസിക ആരോഗ്യത്തെയാണ് ഇത് സ്വാധീനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.