ബോറടിച്ചപ്പോൾ എ.ടി.എമ്മിൽ കയറി ബട്ടണമർത്തി; ഇന്ന് മാഞ്ചസ്റ്ററിലെ താരമാണ് ജാക്ക്
text_fieldsമാഞ്ചസ്റ്റർ: സ്വിൻടണിലുള്ള അസ്ഡ ഷോപ്പിങ് സെന്‍ററിൽ ബോറടിച്ചിരിക്കുകയായിരുന്നു ജാക്ക് ഗ്രീൻഹാഗ് എന്ന സ്കൂൾ വിദ്യാർഥി. എന്നാൽ അവിടെ വെച്ച് കാണിച്ച പ്രവർത്തി തന്നെ പ്രശസ്തനാക്കുമെന്ന് അവൻ കരുതിയില്ല.
ഷോപ്പിങ് സെന്‍ററിൽ കൂട്ടുകാരനെ കാത്തിരുന്ന് ബോറടിച്ച ജാക്ക് അടുത്തുള്ള എ.ടി.എമ്മിൽ കയറി. വെറുതെ എ.ടി.എമ്മിലെ ബട്ടണുകൾ അമർത്തി കളിച്ച ജാക്ക് ഞെട്ടി. എ.ടി.എമ്മിന്‍റെ വലിപ്പിൽ നിന്ന് 400 പൗണ്ട് അതാ പുറത്തേക്ക് വരുന്നു.
ഉടനെ എ.ടി.എമ്മിന്‍റെ പുറത്തെത്തിയ ജാക്ക് സുരക്ഷ ജീവനക്കാരനെയും തൂപ്പുകാരനെയും വിവരമറിയിച്ചു. അതിന് തൊട്ട് മുമ്പ് എ.ടി.എമ്മിൽ കാശില്ലെന്ന് പരിതപിച്ച് പോയ ആളെ കുറിച്ച് സുരക്ഷജീവനക്കാരൻ ഓർത്തു. അതോടെ പണം അയാളെ ഏൽപിച്ചു.
കുട്ടിയുടെ വിവേകവും സത്യസന്ധതയും എല്ലാവർക്കും ഇഷ്ടമായി. ഷോപ്പിങ് സെന്‍റർ അവന് ഒരു ഗിഫ്റ്റ് കാർഡ് നൽകാൻ തീരുമാനിച്ചു. പ്രാദേശിക പത്രങ്ങളിൽ അവനെ കുറിച്ചുള്ള വാർത്തകൾ വന്നു. വാർത്ത കണ്ട ലിൻഡ്‌സെ ഡോസൺ എന്നയാൾ ജാക്കിനെ ആദരിക്കാൻ 'ഗോഫണ്ട് മൈ' പേജ് വഴി ധനസമാഹരണം ആരംഭിച്ചു.
'അവന് ശരിക്കും പ്രതിഫലം നൽകാനാണ് അത്. എനിക്ക് ശരിക്കും അഭിമാനം തോന്നി. എനിക്ക് അവനെയോ കുടുംബത്തെയോ അറിയില്ല. പക്ഷേ എല്ലാ ക്രെഡിറ്റും അവന്‍റെ കുടുംബത്തിനാണ്. വേറെ വല്ലവരും ആയിരുന്നെങ്കിൽ ആ പണവും അപഹരിച്ച് പോയേനെ'- ലിൻഡ്‌സെ ഡോസൺ പറഞ്ഞു. പേജ് വഴി ഇതുവരെ 50 പൗണ്ട് സമാഹരിച്ചുകഴിഞ്ഞു.
പേജ് വഴി ലഭിക്കുന്ന പണം കൊണ്ട് പുതിയ ഗെയിം വാങ്ങാനാണ് ജാക്കിന്‍റെ പദ്ധതി. ബുക്, ഫുട്ബാൾ കോൺ, ശീതളപാനീയം, മിഠായി, ലോക്ഡൗണിൽ തന്നെ സഹായിച്ച മുത്തച്ഛനായി ചോക്ലേറ്റ് എന്നിവയാണ് ഷോപിങ് സെന്‍ററിൽ നിന്ന് ലഭിച്ച ഗിഫ്റ്റ് കാർഡ് വെച്ച് വാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.