മരിയുപോളിനെ 'വിമോചിപ്പിച്ചതായി' പുടിൻ; ചെറുത്തുനിന്ന് ഉരുക്കു പ്ലാന്‍റിലെ യുക്രെയ്ൻ സൈനികർ
text_fieldsമോസ്കോ: യുക്രെയ്ൻ അധിനിവേശം രണ്ടുമാസത്തിലേക്ക് കടക്കുമ്പോൾ, തെക്കുകിഴക്കൻ തുറമുഖ നഗരമായ മരിയുപോളിനെ 'വിജയകരമായി വിമോചിപ്പിച്ചതായി' റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. എന്നാൽ, നഗരത്തിൽ യുക്രെയ്ൻ സൈന്യത്തിന്‍റെ നിയന്ത്രണത്തിലുള്ള വിശാലമായ അസോവസ്റ്റൽ ഉരുക്ക് പ്ലാന്‍റിന്‍റെ നിയന്ത്രണം ഏറ്റെടുക്കാൻ റഷ്യൻ സൈന്യത്തിന് ഇതുവരെ സാധിച്ചിട്ടില്ല.
പ്ലാന്‍റിനുള്ളിൽനിന്ന് ശക്തമായ ചെറുത്തുനിൽപാണ് യുക്രെയ്ൻ സൈന്യം നടത്തുന്നത്. അതേസമയം പ്ലാന്‍റിലേക്ക് ഇരച്ചുകയറേണ്ടെന്ന് പുടിൻ സൈനികർക്ക് നിർദേശം നൽകി. ഉരുക്ക് പ്ലാന്‍റ് ഒഴികെ മരിയുപോൾ നഗരം പൂർണമായും റഷ്യയുടെ നിയന്ത്രണത്തിലായതായി റഷ്യൻ പ്രതിരോധ മന്ത്രി പുടിനെ അറിയിച്ചു. പ്ലാന്‍റിനു ചുറ്റും ശക്തമായ വലയം തീർക്കാൻ പിന്നാലെ പുടിൻ സൈന്യത്തിന് നിർദേശം നൽകി.
വ്യാവസായിക മേഖലയെ പൂർണമായും ഉപരോധിക്കുക, അങ്ങനെ ഒരു ഈച്ച പോലും രക്ഷപ്പെടില്ല -പുടിൻ പറഞ്ഞു. മരിയുപോൾ തങ്ങളുടെ നിയന്ത്രണത്തിലാകുന്നത് റഷ്യയുടെ തന്ത്രപ്രധാന വിജയമാകും. നേരത്തെ യുക്രെയ്നിൽനിന്ന് വിമോചിപ്പിച്ച ക്രൈമിയയെ റഷ്യൻ അനുകൂലികളുള്ള കിഴക്കൻ യുക്രെയ്നുമായി കരമാർഗം ബന്ധിപ്പിക്കാനാകും. 2000ഓളം യുക്രെയ്ൻ സൈനികർ ഉരുക്ക് പ്ലാന്‍റിലുണ്ടെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നത്.
നേരത്തെ, മരിയുപോളിൽ തമ്പടിച്ച് സൈനികർക്ക് രണ്ടു തവണ കീഴടങ്ങാൻ റഷ്യ അന്ത്യശാസനം നൽകിയിരുന്നെങ്കിലും തള്ളിക്കളയുകയാണുണ്ടായത്. പിന്നാലെയാണ് നഗരത്തിൽ റഷ്യ ആക്രമണം ശക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.