മരിയുപോൾ റഷ്യൻ നിയന്ത്രണത്തിൽ
text_fieldsകിയവ്: യുക്രെയ്നിലെ തന്ത്രപ്രധാന തുറമുഖ നഗരമായ മരിയുപോൾ പൂർണമായി കീഴടക്കിയതായി അവകാശപ്പെട്ട് റഷ്യ. യുക്രെയ്നിലെ നിർണായക വിജയമായാണ് റഷ്യ ഇതിനെ കണക്കാക്കുന്നത്. മരിയുപോളും അസോവ്സ്റ്റാൾ ഉരുക്കു ഫാക്ടറിയും പൂർണമായി സ്വതന്ത്രമാക്കിയതായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അറിയിച്ചു. ആഴ്ചകളോളം ഫാക്ടറിക്കുള്ളിൽ റഷ്യൻ സൈന്യത്തെ പ്രതിരോധിച്ച 2439 യുക്രെയ്ൻ പോരാളികൾ കീഴടങ്ങിയിരുന്നു.
അസോവ് റെജിമെന്റ് ആയിരുന്നു ഉരുക്കു ഫാക്ടറിയിൽ പ്രതിരോധം തീർത്തത്. അസോവ് കമാൻഡറെ സായുധവാഹനത്തിൽ ഫാക്ടറിയിൽനിന്ന് മാറ്റിയതായും റഷ്യ സൂചിപ്പിച്ചു. നാസികളെന്നും കുറ്റവാളികളെന്നും മുദ്രകുത്തി പ്രതിരോധ സേനാംഗങ്ങളിൽ ചിലരെ യുദ്ധക്കുറ്റത്തിന് വിചാരണചെയ്യുമെന്നും റഷ്യയുടെ ഭീഷണിയുണ്ട്. മരിയുപോളിലെ റഷ്യയുടെ അവകാശവാദത്തെ കുറിച്ച് യുക്രെയ്ൻ സൈന്യം പ്രതികരിച്ചിട്ടില്ല.
മരിയുപോളിൽ റഷ്യൻ ആക്രമണത്തിൽ ഇതുവരെയായി 20,000ത്തിലേറെ സിവിലിയന്മാർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ലുഹാൻസ്ക് മേഖലയിൽ വലിയ തോതിൽ ഷെല്ലാക്രമണം നടക്കുന്നുണ്ട്. ആക്രമണത്തിൽ സ്കൂളടക്കം തകർന്നതായി യുക്രെയ്ൻ അറിയിച്ചു. ഡോൺബാസ് കേന്ദ്രീകരിച്ച് ആക്രമണം രൂക്ഷമാണ്.അതിനിടെ, നാറ്റോയിൽ ചേരാൻ തയാറെടുക്കുന്ന ഫിൻലൻഡിന് പ്രകൃതി വാതകം നൽകുന്നത് റഷ്യൻ കമ്പനി ഗാസ്പ്രോം നിർത്തി. ഫിൻലൻഡ് റൂബിളിൽ ഇടപാട് നടത്താത്തതിനെ തുടർന്നാണിതെന്നാണ് കമ്പനിയുടെ വാദം.
യു.എസ് പ്രസിഡന്റ് ജോ ബൈഡനും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും സി.ഐ.എ മേധാവി വില്യം ബേൺസും ഉൾപ്പെടെ 963 അമേരിക്കൻ പൗരൻമാർക്ക് റഷ്യ യാത്രവിലക്ക് പ്രഖ്യാപിച്ചു. യുക്രെയ്ന് 40,00 കോടി ഡോളറിന്റെ സൈനിക സഹായത്തിന് ബൈഡൻ അനുമതി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.