അടുത്ത ക്രിസ്മസ് കാണില്ലെന്ന് ഭയപ്പെട്ടു....; ഒടുവിൽ അർബുദം മാർട്ടിന നവരത്തിലോവയോട് കീഴടങ്ങി
text_fieldsന്യൂയോർക്ക് സിറ്റി: ടെന്നീസ് കോർട്ടിൽ വീറോടെ പൊരുതി നേടിയ ഗ്രാൻഡ്സ്ലാം കിരീടങ്ങളെ സാക്ഷിനിർത്തി ഇതിഹാസതാരം അത് പങ്കുവെച്ചു. ജീവിതത്തിലെ ഏറ്റവും വലിയതും നിർണായകവുമായ പോരാട്ടത്തിൽ അതിശക്തനായ എതിരാളിയെ കീഴടക്കിയ വാർത്ത. കളിമൺ കോർട്ടിലും പുൽതകിടിയിലുമായി നേടിയ 18 ഗ്രാൻഡ്സ്ലാം കിരീടങ്ങളേക്കാൾ വിലയുള്ള വിജയമായിരുന്നു അത്. തൊണ്ടയിലും സ്തനത്തിലും പിടികൂടിയ അർബുദം എന്ന മഹാമാരിയെ പൂർണമായി കീഴ്പെടുത്തി താൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്തിയിരിക്കുന്നുവെന്നാണ് ടെന്നീസ് ഇതിഹാസം മാർട്ടിന നവരത്തിലോവ ട്വീറ്റ് ചെയ്തത്.
ന്യൂയോർക്കിലെ മെമ്മോറിയൽ സ്ലോൺ കെറ്ററിങ് കാൻസർ സെ ന്ററിൽ ഒരു ദിവസം മുഴുവൻ നീണ്ട പരിശോധനകൾക്ക് ശേഷമാണ് അർബുദം പൂർണമായും തന്റെ ശരീരം വിട്ടുപോയെന്ന് വ്യക്തമാക്കിയത്.
"ഇപ്പോൾ വലിയ ആശ്വാസം തോന്നുന്നു. ഡോക്ടർമാർക്കും നഴ്സുമാർക്കും പ്രോട്ടോൺ റേഡിയേഷൻ മാന്ത്രികർ എല്ലാവർക്കും നന്ദി"- അവർ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ജനുവരി 2 നാണ് തനിക്ക് തൊണ്ട, സ്തനാർബുദങ്ങൾ പിടികൂടിയതായി നവരത്തിലോവ വെളിപ്പെടുത്തിയത്. മാർച്ചിൽ ടോക് ടിവിക്ക് നൽകിയ അഭിമുഖത്തിൽ താൻ രോഗമുക്തി നേടിയെന്ന വിവരം പങ്കുവെച്ചിരുന്നു.
"അടുത്ത വർഷം ക്രിസ്മസ് കാണില്ല എന്ന് കരുതി, മൂന്ന് ദിവസം ഞാൻ ആകെ പരിഭ്രാന്തിയിലായിരുന്നു. ഞാൻ ചെയ്യാൻ ആഗ്രഹിച്ച എല്ലാ കാര്യങ്ങളുടെയും ലിസ്റ്റ് മനസ്സിൽ വന്നു. ഇത് വലിയ കാര്യമല്ലാതായി തോന്നാം, പക്ഷേ, ഞാൻ അങ്ങനെയായിരുന്നു.'
18 ഗ്രാൻഡ്സ്ലം കിരീടങ്ങൾ നേടിയ 66 കാരിയായ ചെക്ക് വംശജ ലോകത്തെ എക്കാലത്തെയും മികച്ച വനിത ടെന്നീസ് താരമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.